നമുക്ക് കഴിയില്ല എന്നല്ല സാധിക്കും എന്ന് ഉറച്ച് വിശ്വസിച്ച് ആത്മവിശ്വാസത്തോടെ പഠിച്ചാല്‍ മതി. ദില്ലി എയിംസില്‍ ഉപരിപഠനം നടത്താനാണ് ആയിഷയുടെ ഭാവി പദ്ധതി. 


കോഴിക്കോട്: നീറ്റ് പരീക്ഷയുടെ വിജയചരിത്രത്തില്‍ ഇത്തവണ കേരളത്തിന്റെ പേര് കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ് കോഴിക്കോട് കൊല്ലം സ്വദേശിനിയായ ആയിഷ. ദേശീയതലത്തില്‍ നടത്തുന്ന അഖിലേന്ത്യ, മെഡിക്കല്‍ ഡെന്റല്‍ പരീക്ഷയായ നീറ്റ് പരീക്ഷയില്‍ 12-ാം റാങ്കാണ് ആയിഷ നേടിയത്. 720ല്‍ 710 മാര്‍ക്കാണ് ആയിഷ നേടിയത്. കേരളത്തില്‍ നിന്നും നീറ്റ് പരീക്ഷയില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിയുമായി. ഒബിസി വിഭാഗത്തില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്കും ഈ മിടുക്കി നേടി.

രണ്ടാം തവണയാണ് ആയിഷ നീറ്റ് പരീക്ഷയെഴുതുന്നത്. ആദ്യ പരിശ്രമത്തില്‍ 15429 ആയിരുന്നു റാങ്ക്. രണ്ടാം തവണ പരീക്ഷയെഴുതാന്‍ തീരുമാനിക്കുമ്പോള്‍ മികച്ച റാങ്ക് വാങ്ങണമെന്ന വാശിയോടെയാണ് പഠിച്ചത്. പക്ഷേ ഇത്ര വലിയൊരു നേട്ടം അപ്രതീക്ഷിതമാണെന്ന് ആയിഷ ആവര്‍ത്തിക്കുന്നു. പഠിക്കുന്ന സമയത്ത് മറ്റൊന്നിലും ശ്രദ്ധിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ അത്രയൊന്നും ആക്റ്റീവല്ല താനെന്നും ആയിഷ പറഞ്ഞു. ഉപ്പയും ഉമ്മയും അധ്യാപകരും സുഹൃത്തുക്കളും നല്‍കിയ സപ്പോര്‍ട്ടാണ് ഈ വിജയത്തിലേക്ക് കൈ പിടിച്ചു നടത്തിയതെന്നും ആയിഷ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് പത്ത് വരെ പഠിച്ചത്. കൊയിലാണ്ടി ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടൂവിന് ശേഷമാണ് എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നത്. പൊതുവിദ്യാലത്തിലെ പഠനത്തിന് ശേഷമാണ് ആയിഷ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയതെന്നതാണ് ഏറെ ശ്രദ്ധേയം. ദേശീയ തലത്തിലുള്ള പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരോട് ആയിഷ പറയുന്നു. 'കഠിനമായ പരിശ്രമിച്ചാല്‍ ഏത് പരീക്ഷയും പാസാകാന്‍ സാധിക്കും. നമുക്ക് കഴിയില്ല എന്നല്ല സാധിക്കും എന്ന് ഉറച്ച് വിശ്വസിച്ച് ആത്മവിശ്വാസത്തോടെ പഠിച്ചാല്‍ മതി.' ദില്ലി എയിംസില്‍ ഉപരിപഠനം നടത്താനാണ് ആയിഷയുടെ ഭാവി പദ്ധതി.

കോഴിക്കോട് കാപ്പാട് കണ്ണങ്കടവ് എപി അബ്ദുല്‍ റസാഖിന്റെയും ഷമീമയുടെയും മകളാണ് ആയിഷ. മൂത്ത സഹോദരന്‍ അഷ്ഫാഖ് കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളജില്‍ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി. സഹോദരി ആലിയ കൊയിലാണ്ടി ജിബിഎച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി.

വിജയവഴികളെക്കുറിച്ച് ആയിഷ സംസാരിക്കുന്നു: 'ഡോക്ടറാകണമെന്ന് ചെറുപ്പം തൊട്ട് ആഗ്രഹിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് അതിന് വേണ്ടി കഠിനമായി പരിശ്രമിക്കാന്‍ തുടങ്ങിയത്. നീറ്റ് പരീക്ഷയില്‍ ആദ്യത്തെ നൂറിലെത്തമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ കേരളത്തില്‍ ഒന്നാമതെത്തുമെന്നോ ഇത്ര മികച്ച റാങ്ക് കിട്ടുമെന്നോ കരുതിയില്ല.'

ചിട്ടയായ പഠനവും പരിശീലനവുമാണ് വിജയരഹസ്യം. രാത്രിയിലിരുന്ന് പഠിക്കുന്ന ശീലമില്ല. രാവിലെ നാലുമണിക്ക് എണീറ്റാണ് പഠനം ആരംഭിക്കുന്നത്. ഒരു ദിവസം 11 മുതല്‍ 15 മണിക്കൂര്‍ വരെ പഠിക്കും. ലോക്ക് ഡൗണ്‍ സമയത്ത് പഠിക്കാന്‍ ധാരാളം സമയം ലഭിച്ചു. അത് ശരിക്കും വിനിയോഗിക്കാന്‍ സാധിച്ചു. മോക് ടെസ്റ്റുകള്‍ ധാരാളം പരിശീലിച്ചിരുന്നു. പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക തയ്യാറെടുപ്പ് നടത്തി.