Asianet News MalayalamAsianet News Malayalam

സർവ്വകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനം; ഡോ. കെ എസ് മാധവനെതിരെ നടപടിയുമായി കാലിക്കറ്റ് സർവ്വകലാശാല

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ചിലർ മാത്രം എങ്ങനെയാണ് അകറ്റി നിർത്തപ്പെടുത്തുന്നതെന്നും ഏത് രീതിയിൽ പ്രവർത്തിച്ചാൽ ഇവരെയും സാമൂഹ്യ വികസനത്തിൽ പങ്കാളികളാക്കാമെന്നും ലേഖനം വിശദമായി പറയുന്നുണ്ട്. 

Calicut University takes action against KS Madhavan
Author
Trivandrum, First Published May 4, 2021, 1:56 PM IST

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ  സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദളിത് ചിന്തകനും പ്രഭാഷകനുമായ കെ എസ് മാധവനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി കാലിക്കട്ട് സർവ്വകലാശാല. കാലിക്കറ്റിലെ ചരിത്ര പഠന വകുപ്പിലെ അസോഷ്യേറ്റ് പ്രൊഫസറായ ഡോ കെ എസ് മാധവനും പ്രൊഫസർ പികെ പോക്കറും ചേർന്ന് എഴുതിയ ലേഖനത്തിനെതിരെയാണ് സർവ്വകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സർവ്വകലാശാലയുടെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ ലേഖനത്തിലൂടെ സർവ്വകലാശാലയുടെ യശ്ശസിനെ കളങ്കപ്പെടുത്തി എന്നാണ് ഡോ കെഎസ് മാധവനെതിരെ  ഉയർത്തുന്ന ആരോപണം. 

ഉന്നതവിദ്യാഭ്യാസ രം​ഗം എങ്ങനെയാണ് വരേണ്യവത്കരിക്കപ്പെടുന്നതെന്ന് ലേഖനം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ക്ഷേമരാഷ്​ട്ര സങ്കൽപവും പദ്ധതി ആസൂത്രണ വികസനവും മുൻനിർത്തിയാണ്​ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്ര സർവകലാശാലകളും സംസ്ഥാനങ്ങളിൽ പ്രാദേശിക യൂണിവേഴ്​സിറ്റികളും സ്ഥാപിക്കപ്പെട്ടത്​. ജാതിവ്യവസ്ഥയും മുൻവിധികളും മൂലം ചരിത്രപരമായി പുറത്ത്​ നിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും പ്രദേശങ്ങളെയും ഉന്നത വിദ്യാഭ്യാസരംഗത്ത്​ ഉൾച്ചേർക്കുക എന്നത്​ നമ്മുടെ ദേശീയ നയമായിരുന്നു. ഉൾക്കൊള്ളൽ വികസനവും സാമൂഹികനീതി ജനാധിപത്യവും സ്ഥാപിക്കുന്നതിന്​ ഉൾക്കൊള്ളൽ വിദ്യാഭ്യാസം (inclusive education) അനിവാര്യമാണെന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ആന്ത്യന്തികമായി വിജ്ഞാന ഉത്പാദന കേന്ദ്രങ്ങളാണ്. അതേസമയം ജ്ഞാന ഉത്പാദന പ്രക്രിയകളും അതിന്റെ വിനിമയങ്ങളും ഏറ്റവും സുതാര്യമായതും സാമൂഹിക നീതിയിലധിഷ്ഠിതവുമായിരിക്കണം. സമൂഹത്തിലെ പിന്നാക്കവിഭാ​ഗങ്ങളിലുൾപ്പെട്ടവർ, മത്സ്യത്തൊഴിലാളികൾ, ദലിത് ആദിവാസി സമൂഹങ്ങൾ, മുസ്ലീം ന്യൂനപക്ഷ വിഭാ​ഗങ്ങൾ ഇവർക്കെല്ലാം ഉന്നതവിദ്യാഭ്യാസ രം​ഗത്ത് പ്രാതിനിധ്യമുണ്ടാകേണ്ടത് പ്രധാനമാണ്. അതായത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾക്കൊള്ളൽ വിദ്യാഭ്യാസമാണ് വേണ്ടത്. പകരം പുറത്തു നിർത്തൽ വിദ്യാഭ്യാസമാണ് പിന്തുടരുന്നത്. അതുപോലെ രാജ്യത്തെ സർവ്വകലാശാലകൾ ജാതീയതയുടെ പെരുങ്കോട്ടകളായിട്ടാണ് വർത്തിക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലകളിൽ പുറത്തു നിർത്തൽ അനുഭവിക്കുന്നവർക്ക് എന്തുകൊണ്ടാണ് സ്വീകാര്യത ലഭിക്കാത്തതെന്ന് എന്ന് ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. സർവ്വകലാശാലകളിലെ സാമൂഹിക അസമത്വം പരിഹരിക്കാൻ വേണ്ടി നിർദ്ദേശിക്കുന്ന സംവരണ ക്വോട്ടകളുണ്ട്, കോടതിവിധികളുണ്ട്. ഇവ കൃത്യമായി നടപ്പിൽ വരുത്തേണ്ടത് ജനാധിപത്യ രാജ്യത്ത് അത്യാവശ്യമാണ്. ഇവ നടപ്പിലാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും ചിലർ മാത്രം എങ്ങനെയാണ് അകറ്റി നിർത്തപ്പെടുത്തുന്നതെന്നും ഏത് രീതിയിൽ പ്രവർത്തിച്ചാൽ ഇവരെയും സാമൂഹ്യ വികസനത്തിൽ പങ്കാളികളാക്കാമെന്നും ലേഖനം വിശദമായി പറയുന്നുണ്ട്. ലേഖകനെതിരെയുള്ള നടപടിയിൽ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. ഒരു പൗരന്റെ മൗലികാവകാശങ്ങളിലൊന്നായ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും വിമർശനമുണ്ട്. 

Follow Us:
Download App:
  • android
  • ios