ദില്ലി: ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയാണ് ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുളളത്. സിഡ്‌നി സര്‍വകലാശാലയിലെ എന്‍ജിനിയറിങ് ഫാക്കല്‍ട്ടിയുടെ മാസ്റ്റേഴ്‌സ് കോഴ്‌സ് വര്‍ക്കില്‍, വ്യവസ്ഥകളില്ലാത്ത അഡ്മിഷന്‍ വാഗ്ദാനം അപേക്ഷാര്‍ഥിക്ക് ഉണ്ടായിരിക്കണം. സ്‌കോളര്‍ഷിപ്പ് അനുവദിച്ചശേഷമുള്ള തൊട്ടടുത്ത സെമസ്റ്ററില്‍, ഫുള്‍ ടൈം വിദ്യാര്‍ഥിയായി സര്‍വകലാശാലയില്‍ എന്റോള്‍ ചെയ്തിരിക്കണം. ബിരുദതലത്തില്‍, കുറഞ്ഞത് ഡിസ്റ്റിങ്ഷന്‍ ആവറേജ് (യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയുടെ 75നു തുല്യം) നേടിയിരിക്കണം. 

ഒരു വര്‍ഷത്തേക്ക് അനുവദിക്കുന്ന സ്കോളർഷിപ്പിൽ ട്യൂഷന്‍ ഫീസിന്റെ 50 ശതമാനം ആയിരിക്കും ലഭിക്കുന്നത്. ഓരോ സെമസ്റ്ററിലേക്കും സ്‌കോളര്‍ഷിപ്പ് പ്രോസസിങ് ഉണ്ടാകും. അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് തുടര്‍ന്നു ലഭിക്കാന്‍ 65 എങ്കിലും സെമസ്റ്റര്‍ ആവറേജ് മാര്‍ക്ക് നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.sydney.edu.au/scholarships/b/drabdulkalaminternationalscholarship.html എന്ന ലിങ്കില്‍ ലഭിക്കും. ഇതേ ലിങ്കില്‍ കൂടി ജനവരി 12നകം അപേക്ഷ,  നല്‍കണം. ഔദ്യോഗിക അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, ഒരൊറ്റ പി.ഡി.എഫ്. ഫയലായി അപ് ലോഡ് ചെയ്യണം.