ദില്ലി: ആര്‍.ആര്‍.ബി ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം വീണ്ടും തുറന്ന് ഐ.ബി.പി.എസ്. ഈ വര്‍ഷം ജൂലൈയിലാണ് ഈ തസ്തികകളിലേക്ക് ആദ്യം അപേക്ഷ ക്ഷണിച്ചത്. അന്ന് അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കായാണ് വീണ്ടും അവസരമൊരുക്കിയിരിക്കുന്നത്. 

ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഫീസര്‍ ലെവല്‍ രണ്ട്- മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ibps.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 9 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. 

ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ ഡിസംബര്‍ 31നും ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ 2021 ജനുവരി രണ്ടിനും നാലിനുമാണ്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 80 ചോദ്യങ്ങളുണ്ടാകും. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഇംഗ്ലീഷിലാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ibps.in-ലെ വിജ്ഞാപനത്തില്‍ പരിശോധിക്കാം.