Asianet News MalayalamAsianet News Malayalam

ഐഇഎസ് പരീക്ഷയ്ക്ക് സെപ്റ്റംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16  മുതൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. 

can apply for ies examination
Author
Delhi, First Published Aug 29, 2020, 11:14 AM IST


ദില്ലി: ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷ– 2020 ന്  യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസിൽ (ഐഇഎസ്) 15 ഒഴിവുകളാണുള്ളത്.  ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. സെപ്റ്റംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. സെപ്റ്റംബർ 8 മുതൽ 14 വരെ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.

ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ് ബിരുദാനന്തര ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 21–30 വയസ്, 2020 ഓഗസ്‌റ്റ് ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. (1990 ഓഗസ്‌റ്റ് രണ്ടിനു മുൻപും 1999 ഓഗസ്‌റ്റ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്). പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. 

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 16  മുതൽ എഴുത്തു പരീക്ഷ നടത്തും. കേരളത്തിൽ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണു കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഒന്നാമത്തെ ഘട്ടം എഴുത്തുപരീക്ഷയാണ്. വിവിധ വിഷയങ്ങളിലായി 1000 മാർക്കിന്റെ എഴുത്തുപരീക്ഷയായിരിക്കും. രണ്ടാംഘട്ടം ഇന്റർവ്യൂവാണ്. 200 ആണ് പരമാവധി മാർക്ക്. വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.  

അപേക്ഷാഫീസ്: 200 രൂപ. എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വിസാ/ മാസ്‌റ്റർ/ റുപേ/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും  ഫീസടയ്‌ക്കാവുന്നതാണ്.  ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓഗസ്റ്റ് 31 വരെ നേരിട്ടു പണമായും   സെപ്റ്റംബർ ഒന്നു വരെ ഓൺലൈനായും  ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.   
 

Follow Us:
Download App:
  • android
  • ios