ദില്ലി: 2021-ലെ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുഖ്യ സംഘാടക സ്ഥാപനമായ ഗേറ്റ് 2021 എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ് വിഷയങ്ങളിലെ ബിരുദതല വിദ്യാര്‍ഥികളുടെ മികവ്, ദേശീയതലത്തില്‍ വിലയിരുത്തുന്ന പരീക്ഷയാണ്.

കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്‌കോളര്‍ഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ് വാങ്ങി മാസ്റ്റേഴ്‌സ്/ഡോക്ടറല്‍ തല പഠനത്തിനുള്ള (വിഷയത്തിനനുസരിച്ച്) അര്‍ഹതാ നിര്‍ണയപരീക്ഷയാണ് ഗേറ്റ്. ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങള്‍ നിശ്ചിത മേഖലയിലെ റിക്രൂട്ട്‌മെന്റിനും ഗേറ്റ് സ്‌കോര്‍ ഉപയോഗിച്ചുവരുന്നു.

എന്‍ജിനിയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ് വിഷയങ്ങളിലെ ബിരുദതല പ്രോഗ്രാമിന്റെ മൂന്നാംവര്‍ഷത്തിലോ ഉയര്‍ന്ന വര്‍ഷത്തിലോ പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. വിശദമായ യോഗ്യതാവ്യവസ്ഥകള്‍ www.gate.iitb.ac.in/ -ലെ പ്രോസ്‌പെക്ടസില്‍ ലഭിക്കും. മൊത്തം 27 വിഷയങ്ങളില്‍ ഗേറ്റ് നടത്തുന്നു. യോഗ്യത, ചേരാൻ ഉദ്ദേശിക്കുന്ന പ്രോഗ്രാം/തൊഴില്‍ എന്നിവയൊക്കെ പരിഗണിച്ച് ഒരു വിഷയത്തിലോ, നിശ്ചിത കോമ്പിനേഷനില്‍ ഉള്‍പ്പെടുന്ന രണ്ടുവിഷയങ്ങളിലോ പരീക്ഷ അഭിമുഖീകരിക്കാം.

കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തുന്ന പരീക്ഷ 2021 ഫെബ്രുവരി 5,6,7,12,13,14 തീയതികളില്‍ നടത്തും. അപേക്ഷ സെപ്റ്റംബര്‍ 30 വരെ www.gate.iitb.ac.in/ - ലെ ലിങ്ക് വഴി നല്‍കാം. ലേറ്റ് ഫീസോടെ ഒക്ടോബര്‍ ഏഴുവരെയും അപേക്ഷിക്കാം. മൂന്നുവര്‍ഷമാണ് ഗേറ്റ് 2021 സ്‌കോര്‍ സാധുത.