തിരുവനന്തപുരം: പ്ലസ്​ വൺ പ്രവേശനത്തിന്​ അപേക്ഷ സമർപ്പിച്ചവർക്ക്​ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കാനുള്ള സമയം വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും. കാൻഡിഡേറ്റ്​ ലോഗിൻ ചെയ്യാത്തവർ ഈ സമയത്തിനകം പൂർത്തിയാക്കണം. പ്രവേശന നടപടികളിൽ പ​ങ്കെടുക്കാൻ നിർബന്ധമായും കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കണം. ട്രയൽ അലോട്ട്​മെൻറ്​ ശനിയാഴ്​ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്​മെൻറ്​ സെപ്​റ്റംബർ 14ന്​ പ്രസിദ്ധീകരിക്കും​.

അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണ് സാധിക്കുന്നത്. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കീമുകളിൽ നിന്ന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രേഡ് വിവരങ്ങൾ സർട്ടിഫിക്കറ്റിലുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ എന്നുള്ളത് ഒരിക്കൽ കൂടി ഉറപ്പ് വരുത്തണം. ഇനിയും കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) നൽകിയിട്ടുള്ള നിർദ്ദേശം വായിച്ച് മനസ്സിലാക്കിയ ശേഷം ലോഗിൻ സൃഷ്ടിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.