ഐഐഎം കോഴിക്കോട് നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. വിദ്യാ‍ര്‍ത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in-ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) 2025 ന്റെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഈ വർഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) ആണ് പരീക്ഷ നടത്തുന്നത്. ക്യാറ്റ് 2025 ന് രജിസ്റ്റർ ചെയ്ത വിദ്യാ‍ര്‍ത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in സന്ദർശിച്ച ശേഷം ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ നവംബർ 30ന് നടക്കും.

നവംബർ 5ന് ഐഐഎം കോഴിക്കോട് പരീക്ഷാ സ്ലോട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ക്യാറ്റ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്തുകൊണ്ട് വിദ്യാ‍ര്‍ത്ഥികൾക്ക് പരീക്ഷാ തീയതി, സെഷൻ, പരീക്ഷാ നടക്കുന്ന നഗരം എന്നിവ പരിശോധിക്കാൻ കഴിഞ്ഞു. ഈ വർഷം ഏകദേശം 2.95 ലക്ഷം വിദ്യാ‍ര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടക്കുക.

പരീക്ഷാ പാറ്റേൺ

പരീക്ഷയുടെ ആകെ ദൈർഘ്യം രണ്ട് മണിക്കൂറാണ്. താഴെ പറയുന്ന മൂന്ന് വിഭാഗങ്ങളിലായാണ് വിദ്യാ‍ര്‍ത്ഥികളെ വിലയിരുത്തുക:

  • വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹെൻഷൻ (VARC)
  • ഡാറ്റ ഇന്റർപ്രെറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ് (DILR)
  • ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (QA)

ക്യാറ്റ് 2025 അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഘട്ടം 1: iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: ഹോംപേജിൽ കാണുന്ന "CAT 2025 അഡ്മിറ്റ് കാർഡ്" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: തുറന്നുവരുന്ന ലോഗിൻ പേജിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും കൃത്യമായി നൽകുക.

ഘട്ടം 4: നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോ​ഗിൻ ചെയ്യാനായി 'സബ്മിറ്റ്' (Submit) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ തെളിയും.

ഘട്ടം 6: എല്ലാ വിവരങ്ങളും (പേര്, പരീക്ഷാ തീയതി, സെഷൻ, കേന്ദ്രം) ശരിയാണോ എന്ന് ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

ഘട്ടം 7: അഡ്മിറ്റ് കാർഡ് സേവ് ചെയ്യുന്നതിനായി 'ഡൗൺലോഡ്' ക്ലിക്ക് ചെയ്യുക.

ഘട്ടം 8: ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിൻ്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

പരീക്ഷാ ദിവസമായ നവംബർ 30 വരെ വിദ്യാ‍ര്‍ത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കും മറ്റ് അറിയിപ്പുകൾക്കുമായി വിദ്യാ‍ര്‍ത്ഥികൾ iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരമായി പരിശോധിക്കണം.

പ്രധാന അറിയിപ്പ്

പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ വിദ്യാ‍ര്‍ത്ഥികൾ നിർബന്ധമായും താഴെ പറയുന്ന രേഖകൾ കൈവശം കരുതണം:

ക്യാറ്റ് 2025 അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ചെയ്ത പകർപ്പ്, ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡ് (ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലും).

ഈ രേഖകൾ കയ്യിലില്ലാത്ത വിദ്യാ‍ര്‍ത്ഥികൾക്ക് ഒരു കാരണവശാലും പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

എന്താണ് ക്യാറ്റ്?

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) എന്നത് എം.ബി.എ, പി.ജി.ഡി.എം തുടങ്ങിയ ബിരുദാനന്തര മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് എല്ലാ വർഷവും നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ്. വെർബൽ എബിലിറ്റി, റീഡിംഗ് കോംപ്രിഹെൻഷൻ, ഡാറ്റ ഇന്റർപ്രെറ്റേഷൻ, ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിലെ വിദ്യാ‍ര്‍ത്ഥികളുടെ കഴിവുകൾ വിലയിരുത്തുന്നതാണ് ക്യാറ്റ് പരീക്ഷ. ഇന്ത്യയിലുള്ള 21 ഐ.ഐ.എമ്മുകൾ (IIMs) ഉൾപ്പെടെ, രാജ്യത്തെ മറ്റ് മികച്ച നിരവധി ബിസിനസ് സ്കൂളുകളും എം.ബി.എ. പ്രവേശനത്തിനായി ക്യാറ്റ് സ്കോറുകൾ അംഗീകരിക്കുന്നുണ്ട്.