ദില്ലി: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്. സമൂഹ മാധ്യമത്തിലൂടെ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സി.ബി.എസ്.ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകളുടെ പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. സി.ബി.എസ്.ഇ പരീക്ഷകള്‍ എന്നാണ് നടക്കുന്നതെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ചോദ്യം ഉയര്‍ന്നതോടെയാണ് സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലായ ശേഷം മാത്രമാകും പരീക്ഷയെന്ന് മന്ത്രി മറുപടി പറഞ്ഞത്. പരീക്ഷ നടത്തുന്ന വിഷയങ്ങളുടെ ലിസ്റ്റ് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാകും പരീക്ഷ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണയം നടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.