ദില്ലി: അന്താരാഷ്ട്ര ബാലികാദിനത്തിൽ അപൂർവ്വഭാ​​ഗ്യം സിദ്ധിച്ചതിന്റെ  സന്തോഷത്തിലാണ് ദില്ലി സ്വദേശിനിയായ പതിനെട്ടുകാരി ചൈതന്യ വെങ്കിടേശ്വരൻ. ഒരു ദിവസത്തേയ്ക്ക് ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരിക്കാനുള്ള അപൂർവ്വഭാ​ഗ്യമാണ് ചൈതന്യയ്ക്ക് ലഭിച്ചത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ ഒരു ദിവസം ബ്രിട്ടീഷ് സ്ഥാനപതി മത്സരത്തിൽ വിജയിച്ചാണ് ഈ നേട്ടം ചൈതന്യ സ്വന്തമാക്കിയത്. 

2017 മുതല്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ നടത്തി വരുന്ന പരിപാടിയാണ് ‘ഹൈ കമ്മിഷണര്‍ ഫോര്‍ എ ഡേ’. ലോകം മുഴുവന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. 18-23 വയസ്സ് വരെയുള്ള യുവതികള്‍ക്കായാണ് മത്സരം നടത്തുക. അന്താരാഷ്ട്ര ബാലികാദിനമായ ഒക്ടോബര്‍ 11നോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുക. ഇത്തവണ പങ്കെടുത്ത 215 പേരിൽ നിന്നാണ് ചൈതന്യ വെങ്കിടേശ്വരൻ വിജയിയായത്. 

വിവിധ വകുപ്പ് തലവന്മാരുമായും ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയ ചൈതന്യ വാര്‍ത്തസമ്മേളനത്തിലും പങ്കെടുത്തു. കൂടാതെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ എസ്.റ്റി.ഇ.എം സ്‌കോളര്‍ഷിപ്പ് സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം നടത്താനും ചൈതന്യ തീരുമാനിച്ചു. കുട്ടിയായിരിക്കുമ്പോൾ തന്നെ എല്ലാ ദിവസവും ദില്ലിയിലെ ബ്രിട്ടീഷ് ലൈബ്രറി സന്ദർശിക്കുമായിരുന്നു. വായനയോടും പഠനത്തോടുമുളള ഇഷ്ടം ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഒരു ദിവസത്തേയ്ക്ക് ബ്രിട്ടീഷ് ഹൈക്കമ്മീഷണറായതിനെ സുവർണാവസരമായി കാണുന്നു. ചൈതന്യയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. 

വാഷിങ്ടൺ ഡി.സി.യിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ സ്റ്റഡീസിലും ഇക്കണോമിക്സിലും സ്കോളർഷിപ്പോടെ പഠനം നടത്തുന്ന ചൈതന്യ അഡ്വാൻസ് ലീഡർഷിപ്പ് സ്റ്റഡീസ്, പൊളിറ്റിക്കൽ തോട്സ് എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച വ്യക്തിയെ തന്നെയാണ് തെരഞ്ഞെടുത്തതെന്ന്  ചൈതന്യയുടെ ഒരു ദിവസത്തെ പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിലായതായി ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജാൻ തോംസൺ പറഞ്ഞു. ആത്മവിശ്വാസത്തോടെയും കാര്യക്ഷമതയോടെയുമാണ് ചൈതന്യ ഓരോ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.