എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കെത്തുന്നതിൽ ചില ശീലങ്ങള്‍ തടസമാണെന്ന് തിരിച്ചറിയുമ്പോൾ ഇവയെല്ലാം ഉപേക്ഷിക്കാനും ചിലർ തയ്യാറാകും. അങ്ങനെയൊരാളാണ് രാജസ്ഥാനിൽ നിന്നുള്ള നേഹ ബ്യാദ്വാൽ എന്ന പെൺകുട്ടി.
ദില്ലി: ആധുനിക ലോകത്ത് മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഒന്നാണ് മൊബൈൽ ഫോണും സോഷ്യൽമീഡിയയും. ഇവയില്ലാതെയുള്ള ഒരു ദിവസം സങ്കൽപിക്കാൻ പോലും നമുക്ക് കഴിയുന്നില്ല എന്നാൽ വളരെയധികം ഉപകാരമുളള വസ്തു എന്നതിലുപരി നമ്മുടെ സമയം അപഹരിക്കുന്നതിൽ മൊബൈലിനുള്ള പങ്കും ചെറുതല്ല. അതുപോലെ തന്നെയാണ് സോഷ്യൽ മീഡിയയും. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കെത്തുന്നതിൽ ചില ശീലങ്ങള്‍ തടസമാണെന്ന് തിരിച്ചറിയുമ്പോൾ ഇവയെല്ലാം ഉപേക്ഷിക്കാനും ചിലർ തയ്യാറാകും. അങ്ങനെയൊരാളാണ് രാജസ്ഥാനിൽ നിന്നുള്ള നേഹ ബ്യാദ്വാൽ എന്ന പെൺകുട്ടി.
ജയ്പൂരിലാണ് നേഹ ജനിച്ചതും സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചതും. പിന്നീട് ഭോപ്പാലിലെ ഹൈസ്കൂളിൽ പഠിച്ചു. പിതാവിന്റെ സർക്കാർ ജോലിയുടെ സ്വഭാവം കാരണം നേഹയ്ക്ക് ഇടയ്ക്കിടെ സ്കൂൾ മാറേണ്ടി വന്നിരുന്നു. പിന്നീട് ഛത്തീസ്ഗഡിലെ ബിലാസ്പൂരിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
നേഹയുടെ പിതാവ് ശ്രാവൺ കുമാർ ആദായനികുതി ഉദ്യോഗസ്ഥനാണ്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനമാണ് ഐഎഎസ് ഉദ്യോഗസ്ഥയാകാൻ നേഹയ്ക്ക് പ്രചോദനമായത്. വിദ്യാഭ്യാസത്തിനുശേഷം, നേഹ റായ്പൂരിലെ ഡിബി ഗേൾസ് കോളേജിൽ ചേർന്നു. യൂണിവേഴ്സിറ്റി ടോപ്പറായിട്ടാണ് നേഹ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിന് ശേഷമാണ് നേഹ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്. എന്നാൽ ആദ്യ മൂന്ന് ശ്രമങ്ങളിൽ നേഹയ്ക്ക് വിജയം കൈവരിക്കാൻ സാധിച്ചില്ല.
സിവിൽ സർവീസ് പരീക്ഷയിലെ ആദ്യ ശ്രമം പരാജയപ്പെട്ടപ്പോഴാണ് നേഹ ഇത്തരത്തിലൊരു സുപ്രധാന തീരുമാനമെടുത്തത്. മൊബൈൽ ഫോണും സോഷ്യൽ മീഡിയയും തന്റെ സമയത്തിന്റെ ഭൂരിഭാഗവും അപഹരിക്കുന്നുണ്ടെന്നും തന്റെ ഏറ്റവും വലിയ സ്വപ്നമായ പരീക്ഷക്ക് ശരിയായി പഠിക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുണ്ടെന്നും നേഹ മനസ്സിലാക്കി. അതിനാൽ അടുത്ത യുപിഎസ്‍സി പരിശീലനത്തിനിടെ സോഷ്യൽ മീഡിയ ഒഴിവാക്കാനും മൂന്ന് വർഷത്തേക്ക് മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാനും നേഹ തീരുമാനമെടുത്തു.
യുപിഎസ്‌സി തയ്യാറെടുപ്പിനിടെ ഏകദേശം 3 വർഷത്തോളമാണ് സോഷ്യൽ മീഡിയയും മൊബൈൽ ഫോണും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് നേഹ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വരെ അകലം പാലിച്ചു, മുഴുവൻ സമയവും പരീക്ഷയ്ക്കായി മാറ്റിവെച്ചു.
അതേ സമയം, യുപിഎസ്‌സി സിഎസ്‌ഇക്ക് തയ്യാറെടുക്കുന്നതിനിടയിൽ തന്നെ നേഹ പലതവണ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) പരീക്ഷ പാസായി. പക്ഷേ ഒരു ഐഎഎസ് ഓഫീസറാകുക എന്നത് ആത്യന്തിക ലക്ഷ്യമായതിനാൽ സർക്കാർ ജോലിയിൽ ചേരേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ ആദ്യ മൂന്ന് ശ്രമങ്ങളിൽ പരാജയപ്പെട്ടതോടെ കഠിനാധ്വാനം ചെയ്യാൻ നേഹ തീരുമാനിച്ചു. ഒടുവിൽ 2021-ൽ നാലാമത്തെ ശ്രമത്തിൽ 569ാം റാങ്കോടെ നേഹ വിജയം കരസ്ഥമാക്കി. ഇന്റർവ്യൂവിലെ 151 മാർക്ക് ഉൾപ്പെടെ 960 മാർക്കാണ് നേഹ നേടിയത്. ഇൻസ്റ്റാഗ്രാമിൽ 28,000-ത്തിലധികം ഫോളോവേഴ്‌സാണ് നേഹയ്ക്കുള്ളത്.



