ദില്ലി: 2019-ലെ കമ്പൈൻഡ് ഡിഫൻസ് സർവീസസ് (ii) പരീക്ഷയുടെ അന്തിമഫലം യു.പി.എസ്.സി പ്രഖ്യാപിച്ചു. ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമി, ഹൈദരാബാദ് എയർ ഫോഴ്സ് അക്കാഡമി എന്നിവിടങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. https://www.upsc.gov.in/ എന്ന വൈബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാൻ അവസരമുണ്ട്.

2019 സെപ്റ്റംബറിൽ നടത്തിയ എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് 196 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യൻ മിലിട്ടറി അക്കാഡമി റാങ്ക് ലിസ്റ്റിൽ സുരേഷ് ചന്ദ്രയും ഇന്ത്യൻ നേവൽ അക്കാഡമി റാങ്ക് ലിസ്റ്റിൽ ശൗര്യ അഹ്ലവത്തും, ഇന്ത്യൻ എയർഫോഴ്സ് റാങ്ക് ലിസ്റ്റിൽ പർവേഷ് കുമാറും ഒന്നാമതെത്തി.

വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന് യു.പി.എസ്.സി അറിയിച്ചു. 2020-ലെ കമ്പൈൻഡ് ഗ്രാജുവേറ്റ് പരീക്ഷ നവംബർ എട്ടിനാണ്. 2021-ലെ പരീക്ഷാ തീയതിയും യു.പി.എസ്.സി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.