Asianet News Malayalam

'വിശപ്പിന് മതമില്ല'; ആയിരങ്ങൾക്ക് അന്നമൂട്ടുന്ന സന്നദ്ധപ്രവർത്തകന് കോമൺവെൽത്ത് പോയിന്റ്സ് ലൈറ്റ് അവാർഡ്

സമൂഹത്തിനായി അസ്ഹർ മഖ്സൂസി നൽകിയ സംഭാവന അവിശ്വസനീയമാണെന്ന് ഹൈദരാബാദിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് പറഞ്ഞു. 

Commonwealth Points Lite Award for volunteer feeding thousands
Author
Hyderabad, First Published Jul 9, 2021, 2:11 PM IST
  • Facebook
  • Twitter
  • Whatsapp

ഹൈദരാബാദ്: ദിവസേന പതിനായിരക്കണക്കിന് ആളുകളുടെ വിശപ്പകറ്റുന്ന സന്ന​ദ്ധപ്രവർത്തകനാണ് ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് ഉസ്മാൻ അസ്ഹർ മഖ്സൂസി. വിശപ്പിന് മതമില്ല എന്ന പദ്ധതിയുടെ ഭാ​ഗമായിട്ടാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങൾ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായി ഇപ്പോൾ യുകെ ​ഗവൺമെന്റിന്റെ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. കോമൺവെൽത്ത് പോയിന്റ്സ് ലൈറ്റ് അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ച് ന​ഗരങ്ങളിലാണ് ഇദ്ദേഹം വിശക്കുന്നവർക്ക് അന്നം വിളമ്പുന്നത്. 

അസ്​ഹറിന് നാലു വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ടു. ജോലി ചെയ്ത് കുടുംബം പുലർത്താൻ വേണ്ടി പത്താം വയസ്സിൽ പഠനം നിർത്തി പലവിധ ജോലികൾ ചെയ്തു. ഒരിക്കൽ വീടില്ലാത്ത ഒരു വൃദ്ധ ഫ്ലൈ ഓവറിന് കീഴിൽ അന്തിയുറങ്ങുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. അവർക്ക് വിശക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ്,  ഭക്ഷണം വാങ്ങിക്കൊടുത്തു കൊണ്ടാണ് അസ്ഹർ തന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. താൻ കൊടുത്ത ഭക്ഷണം അവർക്ക് ആവശ്യമായിരുന്നു എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെയാണ് 2015 ൽ സാനി വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. 

സാമ്പത്തികമായി സുസ്ഥിരമായ അവസ്ഥയിലായിരുന്നില്ല അസ്ഹർ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നിട്ടും നിരവധി പേർക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. സന്നദ്ധപ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥവും പ്രതിബദ്ധതയും നിറഞ്ഞ മനോഭാവത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. മഹാമാരിക്കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി കണക്കാക്കപ്പെടുന്നത് വിശപ്പാണെന്ന് അസ്ഹർ അഭിപ്രായപ്പെടുന്നു. 

മഖ്സൂസി അവാർഡ് നേടിയ വാർത്ത പോയിന്റ് ഓഫ് ലൈറ്റ് തങ്ങളുടെ വൈബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. സമൂഹത്തിനായി അസ്ഹർ മഖ്സൂസി നൽകിയ സംഭാവന അവിശ്വസനീയമാണെന്ന് ഹൈദരാബാദിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് പറഞ്ഞു. ''ഭക്ഷണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമാണ് അദ്ദേഹം സമൂഹത്തിന് മനസ്സിലാക്കി കൊടുത്തത്. നിസ്വാർത്ഥ ത്യാഗത്തിന്റെയും സേവനത്തിന്റെയും സമാനമായ നിരവധി ഉദാഹരണങ്ങളുണ്ട്. ചിലത് മഹാമാരിയുടെ ഫലമായി ഉയർന്നുവരുന്നുമുണ്ട്. എന്നാൽ 'വിശപ്പിന് മതമില്ല' എന്ന പദ്ധതി എട്ട് വർഷമായി നടപ്പാക്കുകയാണ്. സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങൾക്ക് നല്ലൊരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.'' അദ്ദേഹം പറഞ്ഞു. അസ്ഹർ മഖ്സൂസിക്കും സാനി വെൽ‌ഫെയർ ഫൗണ്ടേഷൻ പ്രവർത്തകർക്കും അദ്ദേഹം ആശംസകളും അർപ്പിച്ചു.

''ജനങ്ങൾക്ക് ഭക്ഷണം നൽകി അവരുടെ വിശപ്പടക്കാൻ സാധിക്കുന്നതിൽ ഞാൻ കൃതാർത്ഥനാണ്. പത്ത് വർഷത്തോളമായി പാവപ്പെട്ടവർക്ക് ഭക്ഷണം വിളമ്പുന്നു. വിശപ്പ് ഇല്ലാതാകുന്ന കാലത്തോളം ഇത് തുടരും. എന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്ന കുടുംബം, സുഹൃത്തുക്കൾ, മറ്റുള്ളവർ എന്നിവരോട് വളരെയധികം നന്ദിയുണ്ട്.'' അസ്ഹർ മഖ്സൂസി പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

Follow Us:
Download App:
  • android
  • ios