Asianet News MalayalamAsianet News Malayalam

സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ അഞ്ചിലേക്ക് നീട്ടി

2022 ജനുവരി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

date extended sainik school entrance examination
Author
Trivandrum, First Published Oct 29, 2021, 9:00 AM IST

ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന (All India Sainik School Entrance Examination) പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബർ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒൻപതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 'https://www.aissee.nta.nic.in' എന്ന ലിങ്ക് വഴി ഓൺലൈനായി (Apply Online) അപേക്ഷിക്കാം.

പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് രാത്രി 11:50 വരെയാണ്. നവംബർ 07 മുതൽ 21 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ടായിരിക്കും. 2022 ജനുവരി ഒൻപതിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയിൽ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ  പ്രവേശന പരീക്ഷയാണ് 2022 ജനുവരി 9ന് നടക്കുന്നത്. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാം. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം. 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നൽകും. അപേക്ഷാഫീ 550 രൂപയും പട്ടികവിഭാഗത്തിന് 400 രൂപയുമാണ് നൽകേണ്ടത്.

ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10നും 12നും ഇടയിലായിരിക്കണം. 2022 മാർച്ച് 31ന് 10 വയസ്സിൽ കുറയാനും 12 വയസ്സിൽ കൂടാനും പാടില്ല. ഒൻപതാം ക്ലാസിലെ പ്രവേശനത്തിന് മേൽപ്പറഞ്ഞ കാലയളവിൽ അപേക്ഷകരുടെ പ്രായം 13നും 15 നും ഇടയിലായിരിക്കണം. മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള പ്രവേശനപരീക്ഷയാണ് നടക്കുക. 

കഴക്കൂട്ടം സ്കൂളിൽ 6-ാം ക്ലാസിൽ ആകെ 85 സീറ്റുകളാണുള്ളത്. ഇതിൽ 75 സീറ്റുകൾ ആൺകുട്ടികൾക്കും 10 സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കി വച്ചിട്ടുണ്ട്. 9-ാം ക്ലാസിൽ ആകെയുള്ളത് 95 സീറ്റുകളാണ്. 85 സീറ്റുകൾ ആൺകുട്ടികൾക്കും 10സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു. കേരളത്തിലെ കുട്ടികൾക്കു മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്കൂളുകളിലേക്കും അപേക്ഷിക്കാം.

ആറാം ക്ലാസ് പ്രവേശനപരീക്ഷ 9ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെ നടക്കും. ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 5വരെ നടക്കും. വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ പരീക്ഷാവിഷയങ്ങൾ, ചോദ്യങ്ങളുടെ എണ്ണം, മാർക്ക് വിഭജനം, സിലബസ് എന്നിവയടക്കമുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷിനു പുറമേ മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള 13 ഭാഷകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഒൻപതാം ക്ലാസിലെ പ്രവേശന പരീക്ഷ ഇംഗ്ലീഷിൽ മാത്രമായിരിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 0471 -2781400, ഇ-മെയിൽ: sainikschooltvm@gmail.com, , http://sainikschooltvm.nic.in.

Follow Us:
Download App:
  • android
  • ios