Asianet News MalayalamAsianet News Malayalam

Delhi Air Pollution | സ്കൂളുകൾ അടച്ചിടുന്നത് പരി​ഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് ദില്ലി എയർ ക്വാളിറ്റി പാനൽ

നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ദില്ലിയിൽ നിർത്തിവെച്ചിരിക്കുകയാണ്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം നിർദ്ദേശിച്ചത്.

Delhi Air Quality Panel urges states consider closing schools
Author
Delhi, First Published Nov 15, 2021, 4:37 PM IST


ദില്ലി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർദ്ധിച്ചതിനെ തുടർന്ന് സ്കൂളുകൾ അടച്ചിടുന്ന കാര്യം പരി​ഗണനയിലെടുക്കണമെന്ന് സംസ്ഥാനങ്ങളോ‍ട് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ദില്ലിയിൽ നിർത്തിവെച്ചിരിക്കുകയാണ്. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം നിർദ്ദേശിച്ചത്. ദേശീയതലസ്ഥാന മേഖലയിലെ ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന സർക്കാരുകളും ​ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ വിവിധ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട് നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. 

തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ദില്ലിയിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഒഴികെ എല്ലാ സർക്കാർ ഓഫീസുകളും ഏജൻസികളും സ്ഥാപനങ്ങളും വീട്ടിലിരുന്ന ജോലി ചെയ്യാൻ നിർദ്ദേശമുണ്ട്. നവംബർ 17 വരെ ദേശീയ തലസ്ഥാനത്ത് നിർമ്മാണപ്രവർത്തനങ്ങളോ പൊളിക്കൽ പ്രവർത്തനങ്ങളോ അനുവദനീയമല്ല. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കും അടിയന്തര യോ​ഗത്തിൽ  കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും ഔദ്യോ​ഗിക നിർദ്ദേശത്തിൽ പറയുന്നുണ്ട്. 

അടിയന്തിര നടപടികൾ നടപ്പിലാക്കുന്നതിന് സഹകരിക്കണമെന്ന് കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥക്ക് കേന്ദ്രത്തിനുംസംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാൻ സര്‍ക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.


 

Follow Us:
Download App:
  • android
  • ios