ദില്ലി: സമ്പത്തോ പണമോ അല്ല കഴിവിന്റെ അടിസ്ഥാനമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ദില്ലിയിലെ സർക്കാർ സ്കൂളിൽ നിന്നും നീറ്റ് ജെഇഇ പരീക്ഷകളിൽ വിദ്യാർത്ഥികൾ നേടിയ വിജയത്തെ അഭിനന്ദിച്ചു കൊണ്ടായിരുന്നു കെജ്‍രിവാളിന്റെ വാക്കുകൾ. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ സാമ്പത്തികം പ്രശ്നമാകില്ലെന്നും ഇവർക്കാവശ്യമായ സ്കോളർഷിപ്പുകളും 10 ലക്ഷം രൂപ വരെയുള്ള വായ്പയും ദില്ലി സർക്കാർ ലഭ്യമാക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു. 

ദില്ലി സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 569 വിദ്യാർത്ഥികളാണ് ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ യോ​ഗ്യത നേടിയിരിക്കുന്നത്. ജെഇഇ പരീക്ഷയിൽ 443 പേരാണ് യോ​ഗ്യത നേടിയത്. ഇവരിൽ 53 പേർ ഐഐടികളിലേക്ക് നേരിട്ട് പ്രവേശനം നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷയിൽ യോ​ഗ്യത നേടിയ 569 വിദ്യാർത്ഥികളിൽ 379 പേരും പെൺകുട്ടികളാണ്. ആദ്യത്തെ പതിനായിരം റാങ്കുകളിൽ 37 പേർ ഉൾപ്പെട്ടിട്ടുണ്ട്. 

ദില്ലി മൊലാദ്ബന്ധിലെ സർക്കാർ സ്കൂളിൽ നിന്ന് 29 വിദ്യാർത്ഥികളും യമുന വിഹാർ സ്കൂളിൽ നിന്ന് 23 പേരും നൂർ ന​ഗർ സ്കൂളിൽ നിന്ന് 23 പേരും നീറ്റ് പരീക്ഷയിൽ ഉയർന്ന് വിജയം കരസ്ഥമാക്കി. ദില്ലിയിലെ സർക്കാർ സ്കൂളുകളിൽ നിന്നുള്ള 48 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയിലെ 720 മാർക്കിൽ 520 നേടിയവരാണ്. നല്ല വിദ്യാഭ്യാസത്തിന് ദാരിദ്ര്യത്തെ തുടച്ചു നീക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അരവിന്ദ് കെജ്‍‍രിവാൾ പറഞ്ഞു. ഇത്തരം എളിയ സാഹചര്യത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളുടെ വിജയ​ഗാഥകൾ മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനം നൽകും. 

'ഈ വിദ്യാർത്ഥികളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയുന്നു. കാരണം കഴിവ് നിർണ്ണയിക്കപ്പെടുന്നത് പണം കൊണ്ടല്ല. തുല്യ അവസരവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരവും നൽകിയാൽ താഴ്ന്ന, ഇടത്തരം കുടുംബങ്ങളിലെ കുട്ടികളും കൂടുതൽ ഉയരത്തിലെത്തും.' ദില്ലിയിലെ സർക്കാർ സ്കൂളുകൾ എങ്ങനെയാണ് വിപ്ലവകരമായ മാറ്റത്തിന് കാരണമാകുന്നത് എന്നതിന്റെ തെളിവാണ് ഈ വിജയങ്ങളെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.