ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ശിവന്‍ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയില്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഗ്രേസ് മാര്‍ക്ക് ഇത്തവണ ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രേസ് മാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുമെന്നാണ് ശിവൻകുട്ടി അറിയിച്ചത്.

അതേസമയം, ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ശിവന്‍ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ആവശ്യമായ ക്രമീകരണം സ്വീകരിക്കാന്‍ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഹാളിൽ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കുടിക്കാന്‍ വെള്ളം കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലസ് വൺ സീറ്റ് സംബന്ധിച്ച മലബാറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയമിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകരുടെ ഡ്യൂട്ടി ആശങ്കയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. എല്ലാ വശവും ചര്‍ച്ച ചെയ്താണ് തിയതി നിശ്ചയിച്ചതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തി പരീക്ഷാ സമയക്രമം തീരുമാനിക്കാനാകില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.