ദില്ലി: വിദ്യാഭ്യാസ മാസികയായ എജ്യുക്കേഷന്‍ വേള്‍ഡിന്റെ 14-ാമത് അഖിലേന്ത്യ വാര്‍ഷിക സ്‌കൂള്‍ റാങ്കിങ്ങില്‍ മികവിന്റെ അം​ഗീകാരം നേടി കേരളത്തിലെ സ്കൂളുകളും. ഗവണ്‍മെന്റ് ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയവും  ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ പട്ടം കേന്ദ്രീയ വിദ്യാലയവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട് വർഷങ്ങൾ‌ക്ക് മുമ്പ് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കൊച്ചി നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ആറാം സ്ഥാനവും നേടിയിട്ടുണ്ട്. 

ഏഴാം സ്ഥാനത്ത് എത്തിയത് ഗവണ്‍മെന്റ് ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയമാണ്.  എറണാകുളം നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയ ഒന്‍പതാം സ്ഥാനവും നേടി. ഡേ കം ബോര്‍ഡിങ് സ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയത്തെ പള്ളിക്കൂടം സ്‌കൂളും മികച്ച നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ വിഭാ​ഗത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന പള്ളിക്കൂടം ഇത്തവണ നാലാം സ്ഥാനത്തേക്ക് എത്തി. പ്രത്യേക ആവശ്യങ്ങളുള്ള സ്‌കൂളുകളുടെ വിഭാഗത്തില്‍ മൂന്നാറിലെ ഡെയര്‍ സ്‌കൂള്‍ (സൃഷ്ടി വെല്‍ഫെയര്‍ സെന്റര്‍) അഖിലേന്ത്യ തലത്തില്‍ 12-ാം സ്ഥാനവും നേടി. 

വിപണി ഗവേഷണ, അഭിപ്രായ സര്‍വേ കമ്പനിയായ സി ഫോറുമായി ചേര്‍ന്നാണ് എജ്യുക്കേഷന്‍ വേള്‍ഡ് സ്‌കൂളുകളുടെ റാങ്കിങ് നിശ്ചയിച്ചത്. പ്രധാനമായിും 14 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്കൂളുകളുടെ റാങ്കിം​ഗ് നിശ്ചയിക്കുന്നത്. സാര്‍വദേശീയത, മാതാപിതാക്കളുടെ പങ്കാളിത്തം, അധ്യാപകരുടെ ക്ഷേമവും വികസനവും, പണത്തിന് നല്‍കുന്ന മൂല്യം, കായിക വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, അക്കാദമികമായ പ്രശസ്തി, അധ്യാപകരുടെ കാര്യക്ഷമത, വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ, നേതൃത്വ പാടവം, പാഠ്യപദ്ധതിയും അധ്യാപനശാസ്ത്രവും, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സുരക്ഷയും വൃത്തിയും, സാമൂഹിക സേവനം എന്നിവയിലെ മികവാണ് ഈ സ്കൂളുകളെ അം​ഗീകാരത്തിന് അർഹരാക്കിയത്. 28 പ്രധാന നഗരങ്ങളിലെയും വിദ്യാഭ്യാസ ഹബ്ബുകളിലെയും 11,368 പേര്‍ സാംപിള്‍ റെസ്‌പോണ്ടന്റ്‌സ് ആയി സര്‍വേയില്‍ പങ്കെടുത്തു.  സ്‌കൂള്‍ പ്രിന്‍സിപ്പലുമാര്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാമൂഹിക സാമ്പത്തിക വിഭാഗത്തിലെ ഫീസടയ്ക്കുന്ന മാതാപിതാക്കള്‍, സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവർ ഇവരിലുൾപ്പെടുന്നു.