വിദേശരാജ്യങ്ങളില്‍ ഈ സാങ്കേതിക വിദ്യ ഉണ്ടെങ്കിലും ഇന്ത്യയില്‍ പ്രചാരം കുറവായതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യുറ്റ് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ച്  ഉപകരണം നിര്‍മിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. 

തൃശൂര്‍: സംസാരശേഷിയില്ലാത്ത (Dumb) വിദ്യാര്‍ത്ഥികള്‍ക്ക് (Studnets) സ്മാര്‍ട്ടായി സംസാരിക്കാന്‍ ധ്വനി (Dhwani) ഉപകരണം വികസിപ്പിച്ച് കേച്ചേരി തലക്കോട്ടുകര വിദ്യ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. ഓട്ടിസം ബാധിച്ച കുട്ടികള്‍ അടക്കം ദിവസവും ഉപയോഗിക്കുന്ന വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് ഓരോ ചാനല്‍ ആയി യന്ത്രത്തില്‍ സൂക്ഷിക്കും. കുട്ടികള്‍ക്ക് സംസാരിക്കേണ്ടി വരുമ്പോള്‍ ബട്ടണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരോട് ആശയവിനിമയം നടത്താം. വിദേശരാജ്യങ്ങളില്‍ ഈ സാങ്കേതിക വിദ്യ ഉണ്ടെങ്കിലും ഇന്ത്യയില്‍ പ്രചാരം കുറവായതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യുറ്റ് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി സഹകരിച്ച് ഉപകരണം നിര്‍മിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. 

വിദ്യാര്‍ഥികള്‍ നിര്‍മിച്ച ധ്വനി ഉപകരണം

മികച്ച ഉപകരണങ്ങള്‍ നിര്‍മ്മിച്ച അഞ്ച് കോളേജുകളില്‍ വിദ്യ എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രാണിക്‌സ് വിഭാഗം നിര്‍മിച്ച ഉപകരണവും ഇടം നേടി. തൃശൂരിലെ സ്‌പെഷല്‍ സ്‌കൂളില്‍ ട്രയല്‍ നടത്തി വിജയിച്ച ശേഷമാണ് സര്‍വകലാശാലയിലേക്ക് വിശകലനത്തിനായി സമര്‍പ്പിച്ചത്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രാണിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ കെ ആര്‍ വിഷ്ണു രാജ്, ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ എം അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാം സെമസ്റ്റര്‍ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ എ ജെ അഭിനവ്, അഭിറാം പ്രകാശ്, അഭിഷേക് എസ് നായര്‍, യു ഐശ്വര്യ, എം ആര്‍ എയ്ഞ്ചല്‍ റോസ്, കെ ഋഷികേശ് കൃഷ്ണന്‍ എന്നിവരാണ് ധ്വനി യന്ത്രത്തിന്റെ അണിയറ ശില്‍പ്പികള്‍. സര്‍വകലാശാലയുടെ പിന്തുണയോടെ യന്ത്രം വിദ്യാര്‍ത്ഥിക്കളിലേക്ക് എത്തിക്കുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.