പയ്യന്നൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ അവസാനിപ്പിക്കാൻ സമാധാന യോഗം ചേർന്നു. നടന്ന മുഴുവൻ അക്രമങ്ങളിലും കേസെടുക്കാനും പൊലീസ് പെട്രോളിംഗ് ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അക്രമങ്ങളെ അപലപിച്ചു

കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അവസാനിപ്പിക്കാനായി ചേർന്ന സമാധാന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടു. ഇതുവരെ നടന്ന മുഴുവൻ അക്രമ സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുവാൻ യോഗം പൊലീസിന് നിർദ്ദേശം നൽകി. രാഷ്ട്രീയ പാർട്ടി നേതാക്കളെയോ, സ്ഥാനാർത്ഥികളെയോ വ്യക്തിപരമായി അപകീർ ത്തിപ്പെടുത്തുന്ന പ്രസ്താവനകളോ, പരാമർശങ്ങളോ നടത്തുവാൻ പാടില്ലെന്ന് യോഗം തീരുമാനിച്ചു. കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി പൊലീസ് പെട്രോളിങ്ങ് കർശനമാക്കുവാൻ തീരുമാനിച്ചു. സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നത് വരെ പോലീസ് പിക്കറ്റ് പോസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. അഡീഷണൽ ഡിസ്ട്രിറ്റ് മജിസ്ട്രേറ്റ് ( ഇൻ ചാർജ് ) കണ്ണൂർ, ബാലഗോപാലൻ കെ യുടെ അധ്യക്ഷതയിൽ പയ്യന്നൂർ താലൂക്ക് കോൺ ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പയ്യന്നൂർ ഡി വൈ എസ് പി ആർ ഷൈജു, പയ്യന്നൂർ തഹസിൽദാർ സുരേഷ് ബാബു ജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ അപലപിക്കുകയും ചെയ്തു. അതിനിടെ പയ്യന്നൂരിൽ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡി വൈ എഫ് ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

പയ്യന്നൂരിൽ നടന്നത് പരക്കെ ആക്രമണം

വോട്ടെടുപ്പിന് പിന്നാലെ രണ്ടാം ദിനവും പയ്യന്നൂരിൽ പരക്കെ ആക്രമണമാണ് നടന്നത്. വി കുഞ്ഞികൃഷ്ണന്റെ സ്ഥലത്തെ ഷെഡ്ഡ് കത്തിച്ച അക്രമി സംഘം, കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സർക്കാർ ജീവനക്കാരന്റെ കാറും കത്തിച്ചു. തുടർച്ചയായ ആക്രമണങ്ങളിൽ നിരവധി വീടുകൾ, വാഹനങ്ങൾ, മതിലുകൾ, പാർട്ടി ഓഫീസുകൾ എന്നവ തകർത്തിരുന്നു. ഇന്നലെ രാത്രി വി കുഞ്ഞുകൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പേരൂൽ സ്വദേശി എം കെ നാരായണന്റെ കാറാണ് കത്തിച്ചത്. ശബ്ദം കെട്ട് വീട്ടുകാർ ഉണർന്നതിനാൽ വലിയ അപകടം ഒഴിവായി. കാങ്കോൽ കരിങ്കുഴിയിൽ വി കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ചുമരെഴുതിയ മതിൽ തകർത്ത അക്രമികൾ ഷെഡ്ഡിന് തീ വച്ചു.പയ്യന്നൂരും തളിപ്പറമ്പും വോട്ടെടുപ്പിന് പിന്നാലെ അശാന്തമായതിന് സമാധാന യോഗത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

YouTube video player