Asianet News MalayalamAsianet News Malayalam

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കാൻ ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ്

കുട്ടികളിൽ മൂന്ന് വയസ്സു മുതൽ ഒൻപത് വയസുവരെ മാത്രം പ്രത്യേകമായി നടപ്പിലാക്കേണ്ട അക്കാദമികേതര പ്രവർത്തനങ്ങളും ,പ്രീ-പ്രൈമറി വിദ്യാഭ്യാസ കാഴ്ചപ്പാടുകളും സെമിനാറിൽ ദീർഘമായി ചർച്ച ചെയ്യപ്പെട്ടു. 

Finnish Department of Education to cooperate with Kerala in the field of public education
Author
First Published Jan 25, 2023, 8:20 AM IST

തിരുവനന്തപുരം : കേരള സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന  പ്രവർത്തനങ്ങളിൽ  അക്കാദമി സഹകരണ വാഗ്ദാനവുമായി   ഫിന്നിഷ് വിദ്യാഭ്യാസ സംഘം.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുക. ലോക വിദ്യാഭ്യാസ സൂചികയിൽ  അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കഴിഞ്ഞ ഡിസംബറിൽ ചർച്ചകൾ നടത്തിയിരുന്നു. ‌

ഇതിന്റെ തുടർ പ്രവർത്തനമായാണ് രണ്ടാമത്തെ സംഘം എത്തിയിരിക്കുന്നത്. അധ്യാപകർക്ക് നൽകിവരുന്ന പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, ശാസ്ത്രം, ഗണിതം, അക്കാദമിക നിലവാരം ഉയർത്തുന്ന പാഠ്യപദ്ധതി പ്രവർത്തനങ്ങൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക.  പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ സെമിനാറിൽ ഫിൻലാൻഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു. ഫിന്നിഷ് നാഷണൽ എഡ്യൂക്കേഷൻ ബോർഡ് നടപ്പിലാക്കി വരുന്ന നിരവധി മാതൃകകൾ കേരള മോഡൽ പ്രവർത്തനങ്ങളുടേതിന് സമാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. 

ഫിന്നിഷ്‌ ഉന്നത വിദ്യാഭ്യാസ രംഗത്തെ  പ്രഗത്ഭരും യൂണിവേഴ്സിറ്റി ഓഫ് ഹേൽ സിംഘിയിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളുമായ പ്രൊഫ. ടാപ്പിയോ ലേഹ്തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ തുടങ്ങിയവരും യൂണിവേഴ്സിറ്റി ഓഫ്‌ ഹെൽ സിംഘിയുടെ ലയ്സൺ ഓഫീസറും മലയാളിയുമായ ഉണ്ണികൃഷ്ണൻ ശ്രീധര കുറുപ്പ്  എന്നിവരുമായിട്ടായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് ന്റെ നേതൃത്വത്തിൽ ചർച്ച നടന്നത്. 

കുട്ടികളിൽ മൂന്ന് വയസ്സു മുതൽ ഒൻപത് വയസുവരെ മാത്രം പ്രത്യേകമായി നടപ്പിലാക്കേണ്ട അക്കാദമികേതര പ്രവർത്തനങ്ങളും ,പ്രീ-പ്രൈമറി വിദ്യാഭ്യാസ കാഴ്ചപ്പാടുകളും സെമിനാറിൽ ദീർഘമായി ചർച്ച ചെയ്യപ്പെട്ടു. ഫിൻലാൻഡിൽ അധ്യാപകർക്ക് നൽകുന്ന പ്രത്യേക പരിശീലനങ്ങളെ സംബന്ധിച്ചും കുട്ടികളുടെ രക്ഷിതാക്കളുമായുള്ള ഫിന്നിഷ് വിദ്യാഭ്യാസ ബോർഡിന്റെ ബന്ധത്തെക്കുറിച്ചും അവതരണം ഉണ്ടായി.

സമഗ്ര ശിക്ഷ കേരളം വഴി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശാസ്ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ നിരവധി പദ്ധതി പ്രവർത്തനങ്ങളുടേയും കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ചും പ്രത്യേക അവതരണം നടന്നു.  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ഫിന്നിഷ്  സംഘം  സന്ദർശിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങൾ  അറിയുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി ഫിന്നിഷ് സംഘം  പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുമായി കൂടിക്കാഴ്ച  നടത്തും.  

തൊഴിൽശ്രേഷ്ഠ അവാർഡ്; മികച്ച തൊഴിലാളികള്‍ക്ക് പുരസ്കാരം നല്‍കാന്‍ തൊഴില്‍ വകുപ്പ്; അപേക്ഷ തീയതി, നടപടികള്‍
 

Follow Us:
Download App:
  • android
  • ios