ഭോപ്പാല്‍:  'അച്ഛനും അമ്മയും ഒരുപാട് വിദ്യാഭ്യാസമുള്ളവരല്ല. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ മൂല്യം അവർക്ക് നന്നായി അറിയാം. എനിക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകണമെന്നാണ് അവരുടെ ആ​ഗ്രഹം.' പറയുന്നത് റിയ കരൺജിയ എന്ന പെൺകുട്ടി. ഇക്കഴിഞ്ഞ സിബിഎസ് ഇ പ്ലസ് ടൂ പരീക്ഷയിൽ 94 ശതമാനം മാർക്കുണ്ടായിരുന്നു റിയയ്ക്ക്.  മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള പത്രവിതരണക്കാരനായ അച്ഛന്റെ മകളാണ് റിയ. 500 ൽ 470 മാർക്കും നേടി മികച്ച വിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് റിയ. 

അറിവ് നേടുക എന്നതാണ് പ്രധാനമെന്നും മാർക്കുകളും പരീക്ഷാ ഫലങ്ങളും അറിവിന്റെ അനന്തരഫലങ്ങളാണെന്നും റിയ വിശ്വസിക്കുന്നു. 'പഠിക്കുന്ന കാര്യങ്ങളിൽ നിന്ന് അറിവ് കൈവരിക്കാനും ലഭിക്കുന്ന ആശയങ്ങൾക്ക് വ്യക്തത വരുത്താനും പരിശ്രമിക്കണം. ഇവയുടെ അനന്തര ഫലമാണ് മാർക്ക്.' ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ റിയയുടെ വാക്കുകൾ. 

റിയയുടെ അമ്മ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അച്ഛനും പന്ത്രണ്ടാം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാനായില്ല. എന്നാൽ താൻ മാതാപിതാക്കളോട് താൻ ഏറെ കടപ്പെട്ടിരിക്കുന്നു എന്ന് റിയ പറയുന്നു. 'എന്റെ മാതാപിതാക്കൾക്ക് വളരെ വിദ്യാഭ്യാസം നേടാൻ സാധിച്ചില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കുന്നവരാണ് അവർ. എല്ലായ്പ്പോഴും എന്നെയും സഹോദരങ്ങളെയും പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.' റിയ പറയുന്നു. 

ഐഎഎസ് ഉദ്യോ​ഗസ്ഥയാകാനാണ് റിയയുടെ ആ​ഗ്രഹം. യുപിഎസ്‍സി സിവിൽ സർവ്വീസ് പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായും റിയ പറഞ്ഞു. സമകാലിക വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണ് ഈ ലോക്ക്ഡൗൺ കാലം റിയ ചെലവഴിക്കുന്നത്. ബിരുദ പഠനത്തിനൊപ്പം തന്നെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം കൂടി നടത്താനാണ് തീരുമാനം. 

ഐഎഎസ് ഉദ്യോ​ഗസ്ഥയാകാൻ ആ​ഗ്രഹിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടെന്ന് റിയ പറയുന്നു. 'നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഖച്ഛായ മാറണമെന്നാണ് ആ​ഗ്രഹം. പ്രത്യേകിച്ച് ഭോപ്പാലിലെ സർക്കാർ സ്കൂളുകളുടെയും ഹിന്ദി മീഡിയം സ്കൂളുകളുടെയും. ഇം​ഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള അജ്ഞത മൂലം ദേശീയ തലത്തിലെ പരീക്ഷകൾക്കോ ജോലിക്കോ തയ്യാറെടുക്കാൻ പല വിദ്യാർത്ഥികൾക്കും സാധിക്കുന്നില്ല. കഴിവുള്ളവരാണെങ്കിലും ഇം​ഗ്ലീഷ് അറിയാത്തത് മൂലം പലയിടങ്ങളിലും തഴയപ്പെടുന്നു. ഞാൻ‌ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥയായാൽ സർക്കാർ സ്കൂളുകളിൽ മികച്ച അധ്യാപകരുണ്ടെന്ന് ഉറപ്പാക്കും.' റിയ ആത്മവിശ്വാസത്തോടെ പറയുന്നു. 

ഭോപ്പാലിലെ എക്സലൻസ് കോളേജിൽ നിന്നും ബിഎ ഓണേഴ്സ് പഠിക്കാനാണ് റിയയുടെ തീരുമാനം. ഏറ്റവും മികച്ച കോളേജാണ് ഇതെന്ന് റിയ അഭിപ്രായപ്പെടുന്നു. സാമ്പത്തിക ശാസ്ത്രമാണ് ഇഷ്ടവിഷയം. പ്ലസ് ടൂവിന് 95 മാർക്കാണ് സാമ്പത്തിക ശാസ്ത്രത്തിന് റിയ നേടിയത്. ബിസിനസ് സ്റ്റഡീസിന് 95, ഇം​ഗ്ലീഷിന് 94, ഫിസിക്കൽ എഡ്യൂക്കേഷന് 96, അക്കൗണ്ടൻസി 90 എന്നിങ്ങനെയാണ് റിയയുടെ മാർക്കുകൾ. 

ക്ലാസ് ആരംഭിച്ച അന്നു മുതൽ എല്ലാ ദിവസവും നിശ്ചിത സമയം പഠനത്തിനായി മാറ്റി വെക്കാറുണ്ടെന്ന് റിയ വ്യക്തമാക്കി. മൂന്നു മണിക്കൂർ സമയം അക്കൗണ്ടൻസി പഠനത്തിനായി മാറ്റി വെക്കും. അതുപോലെ സൈദ്ധാന്തിക വിഷയങ്ങൾ പഠിക്കാനും മൂന്നു മണിക്കൂർ സമയം മാറ്റിവച്ചു. കഠിനാദ്ധ്വാനം ചെയ്യുകയും പഠിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരുത്തുകയും ചെയ്താൻ നല്ല മാർക്ക് സ്വാഭാവികമായി തന്നെ ലഭിക്കുമെന്ന് റിയ പറയുന്നു. ഒഴിവു സമയങ്ങളില്‍ പെയിന്റിം​ഗും നൃത്തവുമാണ് റിയയുടെ ഹോബി. ബികോമിന് പഠിക്കുന്ന മൂത്ത സഹോദരനും എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരിയും റിയയ്ക്കുണ്ട്.