ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്‌ത സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി മാറിയ ലിൻസ ടീച്ചർ
നീണ്ട പന്ത്രണ്ട് വർഷത്തോളം ഇഖ്ബാൽ സ്‌കൂളിലെ ക്ലാസ്മുറികളിലേക്ക് കയറുമ്പോൾ പാഠപുസ്തകങ്ങളായിരുന്നില്ല ലിൻസ കൈയ്യിൽ പിടിച്ചിരുന്നത്, ചൂലായിരുന്നു. ജീവിതം വെച്ചുനീട്ടിയ പ്രതിസന്ധികളിൽ പെട്ട് പഠനം പാതിവഴിയിൽ നിലയ്ക്കുമായിരുന്ന ജീവിതമായിരുന്നു ലിൻസയുടേത്. എന്നാലിന്ന് താൻ ചൂലുമായി കയറിയ ക്ലാസ് മുറികളിലേക്ക് കൈയ്യിൽ ഹാജർ ബുക്കും ഇംഗ്ലീഷ് പാഠപുസ്‌തകവുമായി കയറിപ്പോകുന്ന ലിൻസ ടീച്ചറിലേക്കുള്ള പരിണാമം വർഷങ്ങളോളം നീണ്ട കഠിനാധ്വാനത്തിൻ്റെയും അർപ്പണ മനോഭാവത്തിൻ്റെയും കഥയാണ് പറയുന്നത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്ന ആർ ജെ ലിൻസ ഇന്ന് ഇതേ സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ്.
അച്ഛൻ രാജൻ്റെ അപ്രതീക്ഷിത മരണമാണ് 24 വർഷം മുൻപ് ലിൻസയുടെ ജീവിതത്തെ തകിടം മറിച്ചത്. അന്ന് ബിഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അവർ. അനുജൻ അന്ന് ഒൻപതാം ക്ലാസിലും. സംസ്‌കൃത അധ്യാപകനായ അച്ഛൻ്റെ മരണത്തെ തുടർന്ന് കുടുംബത്തിൻ്റെ വരുമാനം നിലച്ചതോടെ ലിൻസ ജോലി കണ്ടെത്തേണ്ടതായി വന്നു. ഈ സമയത്താണ് ജീവിതത്തിൽ പ്രതീക്ഷ പകർന്നുകൊണ്ട് ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടത്. സ്‌കൂളിൽ നിന്ന് നീണ്ട അവധിയെടുത്ത ലാസ്റ്റ് ഗ്രേഡ് സെർവൻ്റിൻ്റെ ഒഴിവിലേക്ക് താത്കാലിക നിയമനമായിരുന്നു ആദ്യം. അങ്ങനെ കൈയ്യിൽ ചൂലുമായി 21ാം വയസിൽ ലിൻസ സ്‌കൂളിലെത്തി.
പിന്നീടുള്ള ആറ് വർഷക്കാലം തൂപ്പുജോലിക്കാരിയായി ലിൻസ ഇതേ സ്‌കൂളിൽ തുടർന്നു. ഇതിനിടെ ബിഎ ഇംഗ്ലീഷ് ബിരുദവും പിന്നീട് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ബിഎഡിന് പ്രവേശനം നേടി. 2006 ലാണ് സ്‌കൂളിൽ നിന്ന് അവധിയെടുത്ത് പോയ ജീവനക്കാരി തിരികെയെത്തിയത്. ഇതോടെ അതുവരെയുണ്ടായിരുന്ന താത്കാലിക ജോലി ലിൻസയ്ക്ക് നഷ്ടമായി. എങ്കിലും ബിഎഡ് പഠനം തുടർന്നു. കോഴ്‌സ് പാസായ ലിൻസയ്ക്ക് പിന്നീട് ജോലി ലഭിച്ചത് കാഞ്ഞങ്ങാട് തന്നെയുള്ള സ്വകാര്യ സ്‌കൂളിലായിരുന്നു. അതിലൂടെ ആദ്യമായി അധ്യാപക ജോലിയിലേക്ക് അവർ പ്രവേശിച്ചു. നീണ്ട ആറ് വർഷത്തോളം ഈ ജോലിയിൽ തുടർന്ന ലിൻസയ്ക്ക് പിന്നീട് ഇഖ്ബാൽ സ്‌കൂളിൽ നിന്ന് തന്നെ വിളിയെത്തി.
2012 ൽ വന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയുടെ ഒഴിവിലേക്കായിരുന്നു ലിൻസയുടെ നിയമനം. 2013 ൽ ഈ ജോലിയിൽ അവർ പ്രവേശിച്ചു. അന്ന് സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന എംവി പ്രവീണയാണ് ലിൻസയുടെ മനസിൽ വീണ്ടും അധ്യാപികയാകാനുള്ള പ്രേരണ പകർന്നത്. അതോടെ ടീച്ചേർസ് എലിജിബിലിറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പ് അവർ തുടങ്ങി. അപ്പോഴേക്കും വിവാഹിതയായിരുന്ന ലിൻസയ്ക്ക് ആറ് വയസുകാരനായ മകനും കൈക്കുഞ്ഞായ മകളുമുണ്ടായിരുന്നു. എന്നാൽ ചെറുപ്രായത്തിൽ വിവാഹിതയും അധികം വൈകാതെ രണ്ട് മക്കളുടെ അമ്മയുമായ ശേഷം താനെങ്ങനെ അധ്യാപികയായി മാറിയെന്ന് പ്രവീണ ടീച്ചർ വിശദീകരിച്ച് കൊടുത്തതോടെ ലിൻസയ്ക്കും ആവേശമായി. പക്ഷെ ആറ് വർഷത്തോളം പിന്നെയും കാത്തിരിക്കേണ്ടി വന്നു. 2018 ലാണ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയുടെ തസ്‌തികയിൽ ഒഴിവ് വന്നത്. ഈ ഒഴിവിലാണ് ലിൻസയുടെ നിയമനം നടന്നത്.
'മെയ് 31 വരെ ലാസ്റ്റ് ഗ്രേഡ് ജോലി ചെയ്‌ത ക്ലാസ് മുറിയിലേക്ക് തൊട്ടടുത്ത ദിവസം ഹാജർ ബുക്കുമായി പോയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു അത്. കുട്ടികൾ അമ്പരന്നുപോയി. ആദ്യം യുപി സ്‌കൂൾ ടീച്ചറായാണ് നിയമനം ലഭിച്ചത്. പിന്നീട് ഹൈസ്‌കൂൾ അധ്യാപികയായി സ്ഥാനക്കയറ്റം കിട്ടി. ഗൈഡ്‌സ് ക്യാപ്റ്റനായും പ്രവർത്തിച്ചു. അച്ഛന് തന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അത് സാധിക്കാതെ പോയതിലുള്ള ദുഃഖം ഇപ്പോഴുമുണ്ട്,' ലിൻസ ടീച്ചർ പറയുന്നു.



