ആവേശത്തോടെ റാമ്പ് വാക്കില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മേഘാലയയിലെ ഒരു സ്കൂളിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. കാഴ്ചക്കാരുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന അതിമനോഹരമായ ഒരു ക്ലാസ്സ് റൂം നിമിഷമാണ് ഈ വീഡിയോയിൽ ഉള്ളത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ കുട്ടികളും പ്രതിഭാധനരാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. പഠനം മാത്രമല്ല സർഗാത്മക പ്രവർത്തനങ്ങളും ക്ലാസ് മുറികളിൽ ആവശ്യമാണെന്ന് ഈ വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിന്‍റെ ഇടവേളയിൽ തന്‍റെ ക്ലാസ്സിലെ കുട്ടികളെ അധ്യാപിക ഒരു റാമ്പ് വാക്കിന് ക്ഷണിക്കുന്നതും തുടർന്ന് കുട്ടികൾ വളരെ ആസ്വദിച്ച് അതിൽ ഏർപ്പെടുന്നതുമായ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഗരോബധയിലെ സെന്‍റ് ഡൊമിനിക് സാവിയോ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ളതാണ് ഹൃദയസ്പർശിയായ ഈ രംഗങ്ങൾ. സ്കൂളിലെ അധ്യാപികയായ ടെങ്സ്മാർട്ട് എം സാങ്മയാണ് തന്‍റെ ക്ലാസിൽ നടന്ന മനോഹര ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടെങ്‌സ്മാർട്ട് എം സാങ്മ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ, 'ഓരോ കുട്ടിക്കും അവരുടെ ഭയങ്ങളെ മറികടന്നാൽ തിളങ്ങാൻ കഴിയും' എന്ന വാക്കുകളോടെയാണ് ആരംഭിക്കുന്നത്. വീഡിയോയിൽ കുട്ടികൾ ഒറ്റയ്ക്കും കൈകോർത്തും ബഞ്ചുകൾക്കിടയിലൂടെ റാമ്പ് വാക്ക് നടത്തുന്നത് കാണാം. ചില കുട്ടികൾ വളരെ മനോഹരമായി പോസ് ചെയ്യുന്നതും സഹപാഠികൾ വളരെ സന്തോഷത്തോടെ അവരെ പ്രോത്സാഹിപ്പിക്കുന്നതും ഏറെ ഹൃദയസ്പർശിയായ കാഴ്ചയാണ്.

ചില വിദ്യാർത്ഥികൾ പാഠഭാഗങ്ങളിൽ തങ്ങൾ പഠിച്ച കഥാപാത്രങ്ങളെ അനുകരിച്ചും വീഡിയോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. എല്ലാ കുട്ടികളിലും ഒരു ഹീറോയുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ രംഗങ്ങൾ. ആഹ്ലാദകരമായ ഈ ക്ലാസ് റൂം പ്രവർത്തനം ക്ലാസ് മുറിയിൽ മാത്രമല്ല ചിരിയും കൈയ്യടിയും ഉണ്ടാക്കിയത്. അത് സോഷ്യൽ മീഡിയയിലും തരംഗമായി മാറിക്കഴിഞ്ഞു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വളർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമുള്ള അധ്യാപകരുടെ ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.