ഐഐടി ഗുവാഹത്തിയിലെ നാലംഗ വിദ്യാർഥി സംഘം രാജ്യാന്തര അനിമേഷൻ പുരസ്കാരം നേടി. രണ്ട് മലയാളികൾ ഉൾപ്പെടുന്ന സംഘം 24 അവേഴ്സ് അനിമേഷൻ കോണ്ടസ്റ്റിലാണ് ഒന്നാം സ്ഥാനം നേടിയത്. ഈ മത്സരത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ടീം ഒന്നാം സ്ഥാനം നേടുന്നത്.

ദില്ലി: ഐഐടി ഗുവാഹത്തിയിലെ നാലംഗ വിദ്യാർഥി സംഘത്തിന് രാജ്യാന്തര അനിമേഷൻ പുരസ്കാരം. രണ്ട് മലയാളികളും ഉൾപ്പെടുന്ന സംഘമാണ് മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അസീൽ പാഷ, അടൂർ സ്വദേശി എസ് ബാലശങ്കർ, കൊൽക്കത്ത സ്വദേശി അരിൻ ബന്ദോപാധ്യായ, പുണെ സ്വദേശി ആദിത്യ രവി പവാർ എന്നിവരാണ് 24 അവേഴ്സ് അനിമേഷൻ കോണ്ടസ്റ്റിന്റെ ഈ വർഷത്തെ പതിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 30 സെക്കൻഡ് ദൈർഘ്യമുള്ള അനിമേഷൻ ചിത്രമാണ് ഇവർ നിർമിച്ചത്.

മത്സരത്തിൽ ഇന്ത്യൻ ടീമിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് ഇതാദ്യമാണ്. 35 രാജ്യങ്ങളിൽനിന്ന് 3820 വിദ്യാർഥികൾ പങ്കെടുത്തു. അടൂർ മൂന്നാളം ശ്രാവണത്തിൽ റിട്ട. ഫാർമസിസ്റ്റ് എച്ച് സുരേഷ് കുമാറിന്‍റെയും പി രഞ്ജിനിയുടെയും മകനാണ് ബാലശങ്കർ. രാമനാട്ടുകര പട്ടായിപ്പാടം പാഷാസ് എസ്റ്റാൻഷ്യയിൽ എൻജിനീയർ സാജിദ് പാഷയുടെയും ഡോ. സറീനയുടെയും മകനാണ് അസീൽ.