ദില്ലി: സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2020ന് അപേക്ഷ ക്ഷണിച്ചു. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി,  ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയും സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി,  ഗ്രൂപ്പ് സി തസ്‌തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവുകളുള്ളത്. നവംബർ 4 വരെ  ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും.
 
ഒഴിവുകളിലേക്ക് 2021 മാർച്ച് 29 മുതൽ 31 വരെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കും. പ്ലസ്ടു ജയം/ തത്തുല്യമാണ് യോ​ഗ്യത. ഓപ്പൺ യൂണിവേഴ്‌സിറ്റി/ വിദൂര പഠനം വഴിയുള്ള യോഗ്യത അംഗീകൃതമാണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സിക്ക് 18–30 വയസ് വരെയാണ് പ്രായം. സ്‌റ്റെനോഗ്രഫർ ഗ്രേഡ് ഡി  18–27 വയസ്. 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം എന്നിവ കണക്കാക്കുന്നത്. 

എസ്‌സി/ എസ്ടി വിഭാഗക്കാർക്ക്  അഞ്ചും ഒബിസിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത ഒബ്‌ജക്‌ടീവ് പരീക്ഷ, സ്‌റ്റെനോഗ്രഫി സ്‌കിൽ ടെസ്‌റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് സ്കിൽ ടെസ്റ്റ് നടത്തുക. സ്‌റ്റെനോഗ്രഫർ ഗ്രേഡ് സി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 100 (ഇംഗ്ലിഷ്/ ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു മിനിറ്റിൽ 80 വാക്കും വേഗം ഉണ്ടായിരിക്കണം. പരീക്ഷാ സിലബസ്, സ്‌കിൽ ടെസ്‌റ്റ് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്.

തിരുവനന്തപുരം (9211), എറണാകുളം (9213), കണ്ണൂർ (9202),  കൊല്ലം  (9210), കോട്ടയം (9205),    കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷാ കേന്ദ്രത്തിന്റെ കോഡ് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു.