തിരുവനന്തപുരം:  സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായവരുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളിൽ 13 ട്രേഡുകളിൽ പ്രവേശനത്തിന് 260 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. പ്രവേശനത്തിന് നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് ബോർഡിൽ നിന്നും നൽകും. അപേക്ഷാ ഫോറം ലേബർ വെൽഫയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളിൽ 16ന് വൈകുന്നേരം അഞ്ചിന് മുമ്പ് സമർപ്പിക്കണം.

അഡ്മിഷൻ നൽകുന്ന സർക്കാർ ഐ.ടി.ഐകളും ട്രേഡുകളും: ധനുവച്ചപുരം, വയർമാൻ, ചാക്ക-ടർണർ, ആറ്റിങ്ങൽ-മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, കൊല്ലം-മെക്കാനിക്കൽ ഡീസൽ, ഏറ്റുമാനൂർ-വെൽഡർ, ഫിൽറ്റർ, ചെങ്ങന്നൂർ-മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, കളമശ്ശേരി-ഫിൽറ്റർ, ചാലക്കുടി-ടെക്‌നിക്കൽ പവർ ഇലക്‌ട്രോണിക്ക് സിസ്റ്റംസ്, മലമ്പുഴ-ഇലക്ട്രീഷ്യൻ, അഴിക്കോട്- ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കോഴിക്കോട്- റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്‌നീഷ്യൻ, കണ്ണൂർ- ഇലക്‌ട്രോണിക്ക് മെക്കാനിക്ക്.