ദില്ലി:  പ്രതിഷേധങ്ങൾക്കിടെ ഐഐടി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ക്ക് ഇന്ന് തുടക്കം. ഇന്നുമുതൽ ഈ മാസം ആറ് വരെയാണ് പരീക്ഷ നടക്കുക. കേരളത്തിലുൾപ്പെടെ രാജ്യത്ത് ആകെ 660 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്തതായി ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുക. ഇതിനായി എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ നടത്തിപ്പിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയർന്നത്. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി എത്തിയിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നീറ്റ് പരീക്ഷ സെപ്തംബർ 13 നും നടത്തും. വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകി പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് പരീക്ഷകൾക്ക് തുടക്കമാവുന്നത്.

വിദ്യാർത്ഥികളുടെ കരിയർ നശിപ്പിക്കാനാകില്ല എന്ന് ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മെഡിക്കൽ പ്രവേശന പരീക്ഷയും ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയും (ഐഐടി പ്രവേശന പരീക്ഷ) മാറ്റിവയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.