കെ സുധാകരൻ കണ്ണൂർ നിയമസഭാ സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ, സണ്ണി ജോസഫിന്റെ പേരാവൂർ മണ്ഡലത്തിൽ സുധാകരനെ അനുകൂലിക്കുന്ന ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പുള്ള ബോർഡുകൾ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

കണ്ണൂർ നിയമസഭാ സീറ്റിനായി കെ സുധാകരൻ എം പി സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പേരാവൂർ മണ്ഡലത്തിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. 'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് നിരന്നിട്ടുള്ളത്. നേരത്തെ കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ ഉയർന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം തുടരുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി നാളെ സുധാകരൻ വാർത്താസമ്മേളനം വിളിച്ചേക്കുമെന്നാണ് സൂചന. മത്സരിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നാണ് വ്യക്തമാകുന്നത്.

കണ്ണൂർ പ്രഖ്യാപിക്കാതെ കോൺഗ്രസിന്‍റെ ആദ്യ പട്ടിക

അതിനിടെ ഇന്ന് വൈകിട്ടോടെ പുറത്തുവന്ന കോൺഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ സീറ്റിൽ പ്രഖ്യാപനം നടത്തിയിട്ടില്ല. സുധാകരൻ മത്സരിക്കണമെന്ന ഉറച്ച നിലപാടിൽ തുടരുന്നതാണ് കാരണം. ആദ്യ പട്ടികയില്‍ എം പിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. സുധാകരന്‍റെ കണ്ണൂരിനൊപ്പം അടൂർ പ്രകാശ് സമ്മർദ്ദമുയത്തുന്ന കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. പറവൂരിൽ വി ഡി സതീശൻ, പേരാവൂരിൽ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.