ദില്ലി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 24 വരെ നീട്ടി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദേശപഠനം നടത്താൻ കഴിയാത്ത കുട്ടികളെക്കൂടി ലക്ഷ്യം വെച്ചാണ് രജിസ്ട്രേഷൻ തീയതി നീട്ടിയിരിക്കുന്നത്. ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. 

ജൂലൈ 18 മുതൽ 23 വരെയാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ്-19 രോഗബാധയെത്തുടർന്ന്  വിദേശ പഠന സാധ്യതകൾ മങ്ങിയ വിദ്യാർഥികളിൽ പലരും ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാൻ അവസരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ നീട്ടിയിരിക്കുന്നതെന്ന് എൻ.ടി.എ വ്യക്തമാക്കി. ആദ്യം ഏപ്രിൽ അഞ്ചു മുതൽ 11 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. കോവിഡ്-19 രോഗബാധ തടയുന്നതിനായി രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചത്.