ല്ലി: അടുത്ത വർഷം മുതൽ ജെഇഇ മെയിൻ പരീക്ഷ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്‍റിയാൽ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് ജോയിന്റ് അഡ്മിഷൻ ബോർഡ് ഈ തീരുമാനമെടുത്തതെന്നും രമേഷ് പൊഖ്‍റിയാൽ കൂട്ടിച്ചേർത്തു. ഇം​ഗ്ലീഷ്, ഹിന്ദി, ​ഗുജറാത്തി എന്നീ ഭാഷകളിലാണ് ഇപ്പോൾ ജെഇഇ പരീക്ഷ നടത്തുന്നത്. അടുത്ത വർഷം മുതൽ ജെഇഇ പരീക്ഷ കൂടുതൽ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് ട്വീറ്റിലൂടെയാണ് പൊഖ്റിയാല്‍ അറിയിച്ചത്. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് ടെസ്റ്റായ നീറ്റ് പതിനൊന്ന് ഭാഷകളിലാണ് നടത്തപ്പെടുന്നത്. 

സംസ്ഥാന എന്‍ജിനിയറിങ് കോളേജുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിലുപയോഗിക്കുന്ന പ്രാദേശിക ഭാഷയും ജെ.ഇ.ഇ (മെയിന്‍) പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ സംസ്ഥാന ഭാഷയും ഇങ്ങനെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

പി.ഐ.എസ്.എ പരീക്ഷയില്‍ ടോപ്പ് സ്‌കോര്‍ നേടിയ രാജ്യങ്ങളെല്ലാം മാതൃഭാഷയാണ് മാധ്യമമായി ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും, മാതൃഭാഷ ഉപയോഗിക്കുന്നത് വഴി ചോദ്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കി മികച്ച സ്‌കോര്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.