കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തുമായി 110250 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നതിനായി അപേക്ഷിച്ചിട്ടുള്ളത്. ഏപ്രില്‍ 20, 21 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ ജൂലൈ 16 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

തിരുവനന്തപുരം: 2020 - 21 വര്‍ഷത്തിലേക്കുള്ള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം 2020 ജൂലൈ 16-ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 110250 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നതിനായി അപേക്ഷിച്ചിട്ടുള്ളത്. ഏപ്രില്‍ 20, 21 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ ജൂലൈ 16 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

പരീക്ഷ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും തിരക്ക് ഒഴിവാക്കാൻ പൊലീസ് സംവിധാനമൊരുക്കുമെന്നും കണ്ടൈൻമെന്റ് സോണിലും ട്രിപ്പിൾ ലോക് ഡൗൺ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പിച്ച് പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങൾ ഫയർഫോഴ്സ് അണുവിമുക്തമാക്കും. പരീക്ഷ നടത്തിപ്പിന് 3000 സന്നദ്ധ സേനാ അംഗങ്ങളെ രംഗത്തിറക്കും. ഇവരായിരിക്കും പരീക്ഷാര്‍ത്ഥികളുടെ സാനിറ്റൈസിംഗും താപനില പരിശോധനയും നടത്തുക.

പരീക്ഷ എഴുതാനായി എത്തുന്നവര്‍ക്കായി പ്രത്യേക ബസ് സർവീസ് ഉറപ്പാക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും ക്വാന്റീനിൽ കഴിയുന്നവർക്കും പ്രത്യേക മുറികൾ പരീക്ഷയ്ക്ക് സജ്ജമാക്കും. തിരുവനന്തപുരത്തെ സൂപ്പർ സ്പെറെഡ് മേഖലയിൽ നിന്നുള്ള 70 വിദ്യാർഥികൾക്ക് വലിയതുറ സെന്റ് ആൻറണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷാ എഴുതാന്‍ സാധിക്കും. ദില്ലിയിലെ വിദ്യാർഥികൾക്ക് ഫരീദാബാദ് ജെസി ബോസ് യുണിവേഴ്സിറ്റി ഓഫ് സയൻസിൽ പരീക്ഷ എഴുതാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.