Asianet News MalayalamAsianet News Malayalam

ഐ4ജി 2021' പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരളം; അപേക്ഷകൾ ഒക്ടോബർ 9 മുതൽ 25 വരെ

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ആവശ്യമായ ഉത്പ്പന്നങ്ങളും പ്രതിവിധികളും സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം. കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു ആശയനിധിയും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്).
 

kerala invites start ups for I4G 2021 project
Author
Trivandrum, First Published Oct 8, 2021, 9:57 AM IST

തിരുവനന്തപുരം: നൂതന സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് (Start Ups) വിപണനവേദിയൊരുക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടത്തുന്ന 'ഇന്നൊവേഷൻ ഫോർ ഗവൺമെന്റ് 2021 (ഐ4ജി) (Innovation For Government) പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ആവശ്യമായ ഉത്പ്പന്നങ്ങളും പ്രതിവിധികളും സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം. കേരള സർക്കാർ രൂപീകരിച്ച തന്ത്രപരമായ ഒരു ആശയനിധിയും ഉപദേശക സമിതിയുമാണ് കേരള ഡെവലപ്‌മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്).

ഉത്പ്പന്നം, പ്രക്രിയ, നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലെ പുതിയ ദിശകൾ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികൾ കൊണ്ടുവരികയാണ് ഐ4ജി എന്ന ഉദ്യമത്തിലൂടെ കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്. കെ-ഡിസ്‌ക് മുൻകയ്യെടുത്ത് രണ്ടാം തവണയാണ് ഐ4ജി സംരംഭം നടപ്പിലാക്കുന്നത്.

കഴിഞ്ഞവർഷം ജനുവരി 22 ന് കെ-ഡിസ്്ക് സംഘടിപ്പിച്ച ഐ4ജി ആദ്യ പതിപ്പിൽ രാജ്യത്തെ നാൽപ്പത്തിയഞ്ചോളം സ്റ്റാർട്ടപ്പുകൾ നൂതനാശയങ്ങൾ അവതരിപ്പിച്ചു. മറ്റു സംസ്ഥാനങ്ങൾ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചു ഉൾക്കാഴ്ച പങ്കിട്ട പരിപാടികൾക്ക് വിവിധ വകുപ്പുകളിലെ പ്രതിനിധികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. സ്റ്റാർട്ടപ്പുകൾക്ക് അവയുടെ ഉത്പ്പന്നങ്ങളും പ്രതിവിധികളും അവതരിപ്പിക്കുന്നതിന് കേരളത്തിൽ ഒരു പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതുവഴി പുതുമകൾ വളർത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു പരിസ്ഥിതിയെ നയിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.

ബ്ലോക്കിചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി, റോബൊട്ടിക്‌സ് ആൻഡ് പ്രോസസ് ഓട്ടോമേഷൻ, ബിഗ് ഡാറ്റ ആൻഡ് അനലിറ്റിക്‌സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യാമേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പൈലറ്റ്പ്രോജക്ടുകൾക്ക് സംസ്ഥാന സർക്കാരിന്റെ ആസൂത്രണ-ധനകാര്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കെ-ഡിസ്‌ക് ഫണ്ട് നൽകും. സ്റ്റാർട്ടപ്പ് ഇന്ത്യയുടെയോ, കേരള സ്റ്റാർട്ടപ്പ് മിഷന്റേയോ രജിസ്‌ട്രേഷനുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇന്നൊവേഷൻ ഫോർ ഗവൺമെന്റ് 2021 പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒമ്പത് മുതൽ സ്വീകരിക്കും. 25നകം അപേക്ഷ നൽകണം. രജിസ്‌ട്രേഷന് https://kdisc.kerala.gov.in/index.php/i4g2021# എന്ന വെബ്‌സൈറ്റിൽരജിസ്റ്റർ ചെയ്യാം.
 

Follow Us:
Download App:
  • android
  • ios