Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനത്ത്: മന്ത്രി വി ശിവന്‍കുട്ടി

ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

Kerala tops the Education Performance Grading Index
Author
First Published Nov 29, 2022, 2:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റങ്ങളുടെ കീര്‍ത്തി കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്‌സില്‍  ഇന്ത്യയില്‍ തന്നെ കേരളം ഒന്നാം സ്ഥാനത്ത്് ആണെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആയിത്തറ മമ്പറം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാലയങ്ങളില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിലവില്‍ വന്നതിനുശേഷം കിഫ്ബി വഴി മാത്രം 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ നടന്നത്. ഇതില്‍ അഞ്ച് കോടി മുതല്‍ മുടക്കില്‍ 141 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി മുതല്‍ മുടക്കില്‍ 386 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി മുതല്‍ മുടക്കില്‍ 446 സ്‌കൂള്‍ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ഹൈടെക് ആയതോടെ പൊതുവിദ്യാഭ്യാസ ധാരയിലേക്ക് ഇക്കാലയളവില്‍ പത്തര ലക്ഷം പുതിയ കുട്ടികള്‍ ആണ് എത്തിയതെന്നും ഈ പ്രവര്‍ത്തനം തുടരാന്‍  എല്ലാവരുടേയും പിന്തുണ വേണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംഭാവന ചെയ്ത 30 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിതരണത്തിന് തയ്യാറായതായി എം എല്‍ എ അറിയിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നിര്‍മ്മിച്ച കിഡ്‌സ് പാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
 

Follow Us:
Download App:
  • android
  • ios