Asianet News MalayalamAsianet News Malayalam

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. 

Launch of NORKA  Self-Employment Assistance Scheme
Author
Trivandrum, First Published Oct 25, 2021, 9:13 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് നാളെ (26.10.2021 ചൊവ്വ) തുടക്കം. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന ഈ പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചക്ക് ഒന്നിന് മസ്‌കത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ  അറുന്നൂറിലധികം ശാഖകൾ വഴി പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരളാ ബാങ്ക് ഉൾപ്പെടെയുളള വിവിധ സഹകരണസ്ഥാപനങ്ങൾ, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികൾ, മറ്റ് നാഷ്ണലൈസ്ഡ് ബാങ്കുകൾ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വഴി പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വിപുലമാക്കാനും ലക്ഷ്യമിട്ടുണ്ട്. 

കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികൾക്കായി നോർക്ക വഴി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന തുടർച്ചയായുള്ള രണ്ടാമത്തെ സംരഭകത്വ സഹായ പദ്ധതിയാണിത്. കുടുംബശ്രീ വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുന്ന പ്രവാസി ഭദ്രത-പേൾ പദ്ധതി ഓഗസ്റ്റ് 26ന് ഉദ്ഘാടനം ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios