എച്ച്പി പോലുള്ള ടെക് ഭീമൻമാർ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്ക വർധിക്കുകയാണ്. ഈ ഘട്ടത്തിൽ കരിയർ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ചില ടെക്നിക്കുകളുണ്ട്.
ടെക് ഭീമൻമാരായ ആമസോണിനും ടാർഗെറ്റിനും പിന്നാലെ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ എച്ച് പി ഒരുങ്ങുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ തന്നെ ഈ വാർത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് 2028 സാമ്പത്തിക വർഷത്തോടെ 4,000 മുതൽ 6,000 വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ഈ വർഷം 1,000 മുതൽ 2,000 വരെ പിരിച്ചുവിടലുകൾ എച്ച് പിയിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറെടുക്കുന്നത്. പുനഃസംഘടന, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള മാറ്റം, മെമ്മറി ചിപ്പുകളുടെ വർദ്ധിച്ചുവരുന്ന വില തുടങ്ങിയ പല വിഷയങ്ങളും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
സമീപകാലത്തായി ആഗോള തലത്തിൽ പിരിച്ചുവിടലുകൾ സർവസാധാരണമായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ചിലപ്പോൾ വൈകുന്നേരങ്ങളിൽ അപ്രതീക്ഷിതമായ ഇമെയിൽ സന്ദേശങ്ങളിലൂടെയോ പെട്ടെന്നുള്ള ഫോൺ കോളുകളിലൂടെയോ ആവാം പലരും ജോലി നഷ്ടപ്പെടാൻ പോകുന്നു എന്ന് അറിയുന്നത്. പ്രവചനാതീതമായി വർദ്ധിച്ചുവരുന്ന ഈ പ്രവണത തുടരുന്ന സാഹചര്യത്തിൽ കരിയറിൽ എങ്ങനെ സ്ഥിരത പുലർത്താമെന്നാണ് പലരും ആലോചിക്കുന്നത്. വ്യക്തമായും കൃത്യമായുമുള്ള തയ്യാറെടുപ്പുകളാണ് ഏത് പ്രതിസന്ധിയെയും മറികടക്കാൻ ആവശ്യം. കരിയർ സംരക്ഷിക്കാനും അവരവരുടെ മേഖലകളിൽ തുടരാനും ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കുള്ള ചില പ്രായോഗിക തന്ത്രങ്ങൾ ഇതാ.
സിഗ്നലുകൾ അവഗണിക്കരുത്!
പൊതുവേ കമ്പനികൾ അപൂർവ്വമായി മാത്രമേ ഒറ്റ രാത്രി കൊണ്ട് പിരിച്ചുവിടലുകളിലേക്ക് കടക്കാറുള്ളൂ. മന്ദഗതിയിലുള്ള നിയമനങ്ങൾ, ബജറ്റ് മരവിപ്പിക്കൽ, വെട്ടിക്കുറയ്ക്കുന്ന പദ്ധതികൾ, കമ്പനിയുടെ മോശം പ്രകടനം കാണിക്കുന്ന റിപ്പോർട്ടുകൾ തുടങ്ങിയവ ഒരു തരത്തിലുള്ള മുന്നറിയിപ്പാണ്. ഇത്തരം സിഗ്നലുകൾ തിരിച്ചറിയുന്നത് ഭാവി തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കൃത്യമായി തയ്യാറെടുക്കാൻ നിങ്ങൾക്ക് അവസരം നൽകുന്നു.
കഴിവുകൾ കൂടുതൽ ശക്തിപ്പെടുത്തുക
ഏതൊരു സമ്പദ്‌വ്യവസ്ഥയിലും പ്രസക്തമായ ചില കഴിവുകൾ നിങ്ങൾക്കുണ്ടാകാം. ഇവയെ തിരിച്ചറിഞ്ഞ് ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് തൊഴിൽ മേഖലയിലേയ്ക്ക് എഐ കടന്നുകയറുന്നത്. ഡാറ്റ ലിറ്ററസി, കമ്മ്യൂണിക്കേഷൻ സ്കിൽസ്, എഐയെ കുറിച്ചുള്ള അടിസ്ഥാന ധാരണ എന്നിവ ഇനിയുള്ള കാലം അത്യന്താപേക്ഷിതമാണ്.
സ്വന്തമായി ഒരു നെറ്റ്‌വർക്ക് കാത്തുസൂക്ഷിക്കുക
പലരും ജോലി നഷ്ടപ്പെട്ടതിനു ശേഷം മാത്രമാണ് നെറ്റ്‌വർക്കിംഗ് ആരംഭിക്കുന്നത്. ബന്ധങ്ങൾ വളർത്തിയെടുക്കുകയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. മുൻ മാനേജർമാർ, മറ്റ് കമ്പനികളിലെ സുഹൃത്തുക്കൾ, പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കൾ, മെന്റർമാർ, ക്ലയന്റുകൾ അങ്ങനെ വലിയൊരു ലിസ്റ്റ് തന്നെ നിങ്ങൾക്ക് മുന്നിലുണ്ടാകും. അവസരങ്ങൾ പലപ്പോഴും ജോബ് പോർട്ടലുകളിലൂടെയല്ല, ആളുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഓർക്കുക.
സാമ്പത്തിക ഭദ്രത പുനഃപരിശോധിക്കുക
ജോലി പോയാലും വലിയ പ്രശ്നമില്ലെന്ന് പറയുന്നവരെ അസൂയയോടെയാകും പലരും നോക്കിക്കാണുന്നത്. എന്നാൽ, പിരിച്ചുവിടൽ എന്ന് കേൾക്കുമ്പോൾ തന്നെ സമ്മർദ്ദത്തിലാകുന്നവരുണ്ട്. സമ്പാദ്യം കുറവായതിനാൽ ജോലി കൂടി പോയാലുള്ള അവസ്ഥയാണ് ഇവരെ ഏറ്റവും കൂടുതൽ ബാധിക്കുക. അതിനാൽ എപ്പോഴും സ്വന്തം സാമ്പത്തിക ഭദ്രത എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കണം. ഇതിനായി മൂന്ന് മുതൽ ആറ് മാസത്തെ ചെലവുകൾ വരെ ഒന്ന് കണക്കുകൂട്ടി നോക്കുന്നത് നന്നായിരിക്കും. നാളെ ജോലി നഷ്ടമായാൽ ഈ ചെലവുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ ഇത് സഹായിക്കും.
റെസ്യൂമെയും പോർട്ട്‌ഫോളിയോയും അപ്ഡേറ്റാക്കി സൂക്ഷിക്കുക
പഠിച്ചിറങ്ങി ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവരുടെയും ഇടവേളകളിൽ കമ്പനികൾ മാറുന്നവരുടെയും റെസ്യൂമെ എപ്പോഴും അപ്ഡേറ്റായിരിക്കും. എന്നാൽ, ജോലിയ്ക്ക് കയറിക്കഴിഞ്ഞാൽ പിന്നീട് ഇത് പലരും ശ്രദ്ധിക്കാറില്ല. അനിശ്ചിതത്വത്തിന്റെ ഒരു സീസണിൽ എന്തും നേരിടാൻ തയ്യാറായിരിക്കുക എന്നത് ഏറെ പ്രധാനമാണ്. നിങ്ങളുടെ റെസ്യൂമെ പുതുക്കുക, ലിങ്കഡ്ഇൻ സാന്നിധ്യം നിലനിർത്തുക, നിങ്ങളുടെ നേട്ടങ്ങൾ പതിവായി രേഖപ്പെടുത്തുക.
പരിഭ്രാന്തി ഒഴിവാക്കുക
പിരിച്ചുവിടലുകൾ തിടുക്കത്തിലുള്ള തീരുമാനങ്ങൾക്ക് കാരണമാകും. കമ്പനി മാറുക, പൊരുത്തപ്പെടാത്ത ജോലികൾ ഏറ്റെടുക്കുക, അല്ലെങ്കിൽ ദീർഘകാല വളർച്ചയെ തടസ്സപ്പെടുത്തുന്ന രീതിയിൽ ശമ്പളം കുറവുള്ള ജോലി തിരഞ്ഞെടുക്കുക എന്നീ തീരുമാനങ്ങളെല്ലാം സാധാരണയായി കാണാറുണ്ട്. നിങ്ങളുടെ കഴിവുകളിൽ വിശ്വസിച്ച് സ്ഥിരതയുള്ള മേഖലകളെ തിരിച്ചറിയുക എന്നതാണ് പ്രധാനം. നിങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുന്ന ജോലികൾക്ക് എപ്പോഴും മുൻഗണന നൽകുക.
ക്ഷേമത്തിന് പ്രാധാന്യം നൽകുക
ഓരോ പിരിച്ചുവിടൽ പ്രഖ്യാപനത്തിന് പിന്നിലും അനിശ്ചിതത്വം, ഉത്കണ്ഠ, സമ്മർദ്ദം എന്നീ കാര്യങ്ങളുണ്ട്. ജോലിയിലെ പ്രൊഡക്ടിവിറ്റി നിലനിർത്താൻ ശ്രമിക്കുമ്പോൾ പലപ്പോഴും ആളുകൾ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സംരക്ഷിക്കാൻ മറക്കാറുണ്ട്. അതിനാൽ, ദിനചര്യകൾ, വ്യായാമം, നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായുള്ള സംഭാഷണങ്ങൾ, ആവശ്യമെങ്കിൽ തെറാപ്പി, യോഗ, മെഡിറ്റേഷൻ, ജിം തുടങ്ങിയ എന്തെങ്കിലുമൊക്കെ ചെറിയ ശീലങ്ങൾ പ്രധാനമാണ്.
മാറ്റങ്ങളുടെ സീസൺ - പക്ഷേ, അവസരങ്ങളുണ്ട്!
കമ്പനികൾ എഐയിൽ വളരെയധികം ഇൻവെസ്റ്റ് ചെയ്യുന്ന സമയമാണിത്. ചെലവുകൾ കുറയ്ക്കാനുള്ള വഴികൾ തേടുമ്പോൾ പിരിച്ചുവിടലാണ് കമ്പനികളുടെ പ്രഥമ പരിഗണനയ്ക്ക് പലപ്പോഴും എത്താറുള്ളത്. എന്നാൽ, സ്ഥിതിഗതികളിൽ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും തൊഴിൽ മേഖല തകരുകയാണെന്നല്ല ഇതിനർത്ഥം. തയ്യാറെടുപ്പ്, സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തൽ, ദീർഘകാല വളർച്ച മുന്നിൽ കണ്ടുള്ള സ്ഥിരമായ പരിശ്രമം എന്നിവ കൈമുതലാക്കിയാൽ ഭയത്തേക്കാൾ ആത്മവിശ്വാസത്തോടെ പ്രതിസന്ധി കാലത്തെ അതിജീവിച്ച് ഓരോരുത്തർക്കും മുന്നോട്ട് പോകാൻ കഴിയും.


