നീറ്റ് യുജി 2025 ഫലം പ്രഖ്യാപിച്ചു. രാജസ്ഥാനിൽ നിന്നുള്ള മഹേഷ് കുമാറിന് 99.99 ശതമാനം മാർക്കോടെ ഒന്നാം റാങ്ക്. ആദ്യ 10 റാങ്കുകളിൽ ദില്ലിയിൽ നിന്നുള്ളവർ മുന്നിൽ.

ദില്ലി: നീറ്റ് യുജി 2025 ഫലം പുറത്തുവന്നപ്പോൾ രാജസ്ഥാനിൽ നിന്നുള്ള മഹേഷ് കുമാറിന് 99.99 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക്. മധ്യപ്രദേശിൽ നിന്നുള്ള ഉത്കർഷ് അവധിയ രണ്ടാം സ്ഥാനത്തും മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷാങ് ജോഷി മൂന്നാം റാങ്കും നേടി. ഹനുമാൻഗഢ് സ്വദേശിയായ മഹേഷ് കുമാർ സികാറിൽ താമസിച്ചാണ് നീറ്റിന് തയ്യാറെടുത്തത്. ആദ്യ 10 റാങ്കുകളിൽ ദില്ലി, ഗുജറാത്ത്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ജനറൽ വിഭാഗം വിദ്യാർത്ഥികളാണ് ആധിപത്യം പുലർത്തിയത്.

ഈ വർഷം 22,06,069 വിദ്യാർത്ഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ പങ്കെടുത്തത്. ഇന്ത്യയിലെ 552 നഗരങ്ങളിലായി 5,468 പരീക്ഷാ കേന്ദ്രങ്ങളിലും ദുബായ്, ദോഹ, സിംഗപ്പൂർ, കാഠ്മണ്ഡു ഉൾപ്പെടെ 14 അന്താരാഷ്ട്ര സ്ഥലങ്ങളിലും പരീക്ഷ നടന്നു. പരീക്ഷയെഴുതിയ പെൺകുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 13.1 ലക്ഷം പെൺകുട്ടികൾ പരീക്ഷയെഴുതയപ്പോൾ, , പുരുഷ വിദ്യാർത്ഥികൾ 9.65 ലക്ഷമായിരുന്നു.

നീറ്റ് 2025 ഫലങ്ങളിൽ, രാജ്യത്ത് ആദ്യ 10 റാങ്ക് പട്ടികയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുമായി ദില്ലിയാണ് മുന്നിലെത്തിയത്. മലയാളികൾ ആരും ആദ്യ നൂറിൽ ഇടം പിടിച്ചില്ല. ദില്ലിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥികളാണ് ആദ്യ 10 റാങ്കുകളിൽ ഇടം നേടിയത്. മഹാരാഷ്ട്രയും ഗുജറാത്തും രണ്ട് വിദ്യാർത്ഥികൾ വീതം ആദ്യ പത്തിൽ ഇടംപിടിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഓരോ വിദ്യാർത്ഥി വീതം ആദ്യ പത്തിൽ ഇടം നേടി.

സംസ്ഥാനം തിരിച്ചുള്ള ടോപ്പ് 10 റാങ്കുകൾ

ഡൽഹി: 3 വിദ്യാർത്ഥികൾ

മഹാരാഷ്ട്ര: 2 വിദ്യാർത്ഥികൾ

ഗുജറാത്ത്: 2 വിദ്യാർത്ഥികൾ

രാജസ്ഥാൻ: 1 വിദ്യാർത്ഥി

മധ്യപ്രദേശ്: 1 വിദ്യാർത്ഥി

പഞ്ചാബ്: 1 വിദ്യാർത്ഥി

ഒബിസി വിഭാഗത്തിൽ നിന്നുള്ള 9.4 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. 6.89 ലക്ഷം ജനറൽ വിഭാഗം വിദ്യാർത്ഥികളും, 3.3 ലക്ഷം എസ്സി വിഭാഗവും, 1.5 ലക്ഷം ഇഡബ്ല്യൂഎസ് വിഭാഗവും, 1.5 ലക്ഷം എസ്ടി വിഭാഗവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇപ്പോൾ അവരുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് neet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.