ലോക്ക് ഡൗൺ മെയ് 3ന് അവസാനിക്കുകയാണെങ്കിൽ വീണ്ടും പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ്ടൂ പരീക്ഷാർത്ഥികൾ.

തിരുവനന്തപുരം: കൊവി‍‍ഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകളെല്ലാം പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ മെയ് 3ന് അവസാനിക്കുകയാണെങ്കിൽ വീണ്ടും പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ്ടൂ പരീക്ഷാർത്ഥികൾ. കൊവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാസ്ക് നൽകാനുള്ള പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഹയർസെക്കണ്ടറി എൻഎസ്എസ് വോളണ്ടിയർമാർ 

മാസ്ക് ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായി ഹയർസെക്കണ്ടറി എൻഎസ്എസ് അധികൃതർ അറിയിച്ചു. 'ഒരുലക്ഷത്തി മുപ്പതിനായിരം അം​ഗങ്ങളാണ് എൻഎസ്എസിൽ ഉള്ളത്. 1317 യൂണിറ്റുകളുമുണ്ട്. ഒരു യൂണിറ്റിൽ നിന്ന് ഏകദേശം 1000 മാസ്കാണ് പ്രതീക്ഷിക്കുന്നത്. ഒരു കുട്ടി പത്ത് മാസ്ക് നിർമ്മിക്കണം. ഇതിലൂടെ പത്ത് ലക്ഷം മാസ്കുകളാണ് പ്രതീക്ഷിക്കുന്നത്. മാസ്ക് ചലഞ്ച് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.' എൻഎസ്എസ് സ്റ്റേറ്റ് പ്രോ​ഗ്രാം കോർഡിനേറ്റർ ജേക്കബ് ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

ലോക്ക് ഡൗൺ കഴിയുമ്പോൾ ഏകദേശം 15 ലക്ഷത്തോളം കുട്ടികളാണ് എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾക്കായി സ്കൂളിലെത്തുന്നത്. പരീക്ഷയുടെ സമയത്ത് ഉപയോ​ഗിക്കാൻ വേണ്ടിയാണ് ഈ മാസ്കുകൾ. മാസ്ക് നിർമ്മാണത്തിനായി സ്കൂളിലെ ക്ലസ്റ്റർ യൂണിറ്റുകളുടെ സഹായവും പിന്തുണയും ഉണ്ടാകുമെന്നും എൻഎസ്എസ് അധികൃതർ വ്യക്തമാക്കി. അതുപോലെ തന്നെ വീണ്ടും ഉപയോ​ഗിക്കാൻ കഴിയുന്ന കോട്ടൺ തുണികൊണ്ടുള്ള മാസ്കുകൾ നിർമ്മിക്കാനാണ് വോളണ്ടിയർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ മാസ്കുകൾ നിർമ്മിക്കാനാണ് തീരുമാനം. ഒരു മീറ്റർ തുണികൊണ്ട് 13 മാസ്കുകളാണ് നിർമ്മിക്കാൻ സാധിക്കുക. മാസ്ക് ചലഞ്ച് വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് എൻഎസ്എസ് അധികൃതർ വ്യക്തമാക്കുന്നു.