Asianet News MalayalamAsianet News Malayalam

എംബിബിഎസ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്‍മെന്‍റായി, ഭാവിയിൽ ഫീസിൽ മാറ്റം വരാം

നിലവിൽ സർക്കാർ നിശ്ചയിച്ച ഫീസ് അടച്ചാൽ മതി. എന്നാൽ സ്വാശ്രയകോളേജുകളിൽ ഭാവിയിൽ ഫീസിൽ മാറ്റം വരാമെന്ന കാര്യത്തിൽ സമ്മതപത്രം വിദ്യാർത്ഥികൾ ഇപ്പോഴേ നൽകേണ്ടി വരും. 

mbbs admission kerala 2020 first allotment declared
Author
Thiruvananthapuram, First Published Nov 20, 2020, 11:31 PM IST

തിരുവനന്തപുരം: 2020-21 വർഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‍മെന്‍റ് പ്രഖ്യാപിച്ചു. സ്വാശ്രയകോളേജുകളിലെ ഫീസ് സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ആദ്യ അലോട്ട്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതൽ ഈ മാസം 26 വരെ ഫീസ് വിദ്യാർത്ഥികൾക്ക് അടയ്ക്കാം.

നിലവിൽ സ്വാശ്രയകോളേജുകളിലും സർക്കാർ കോളേജുകളിലും സർക്കാ‍ർ നിശ്ചയിച്ച ഫീസ് അടച്ചാൽ മതി. എന്നാൽ ഭാവിയിൽ കോടതി വിധികൾക്ക് അനുസൃതമായി ഫീസിൽ മാറ്റം വരാം. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ സമ്മതപത്രം നൽകണമെന്ന് എൻട്രൻസ് കമ്മീഷണർ അലോട്ട്മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ പറയുന്നു. 

ജസ്റ്റിസ് രാജേന്ദ്രബാബു സമിതി 19 കോളേജുകളിൽ നിശ്ചയിച്ചിരിക്കുന്ന ഫീസ് തുക 6.22 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ്. സ്വാശ്രയ ഫീസ് തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഈ തുകയ്ക്കെതിരെ ഹൈക്കോടതിയിൽ പോയ മാനേജ്മെന്‍റുകൾ 11 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ പ്രതിവർഷഫീസ് വിജ്ഞാപനം ചെയ്യാൻ അനുമതി നേടിയെടുക്കുകയായിരുന്നു. എൻട്രൻസ് കമ്മീഷണർ ഈ വിജ്ഞാപനം പുറത്തിറക്കിയതോടെ സാമ്പത്തികശേഷി കുറഞ്ഞ മിടുക്കരായ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. ഹൈക്കോടതിയുടെ ഉത്തരവിനും, കൂട്ടിയ ഫീസ് പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തിനുമെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ വർഷത്തേക്കാൾ ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷൻ നൽകിയ പാവപ്പെട്ട വിദ്യാർത്ഥികളാണ് കൂടിയ ഫീസുള്ള വിജ്ഞാപനം വന്നതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള സർക്കാർ നീക്കം. എജിയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി. പക്ഷെ സുപ്രീംകോടതി തീരുമാനം വരും വരെ പ്രവേശന നടപടികൾ നീട്ടിക്കൊണ്ട് പോകാനാകില്ല. ഇതോടെ കോളേജുകൾ മാറ്റി ഓപ്ഷൻ നൽകാൻ പ്രവേശന പരീക്ഷാ കമ്മീഷണർ ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഓപ്ഷൻ മാറ്റിയാലും എന്ത് ഫീസാകും അടക്കേണ്ടതെന്ന കാര്യത്തിൽ ഉറപ്പില്ലാത്തത് വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കുന്നത്. 

വിശദമായ വിലയിരുത്തൽ കാണാം:

 

Follow Us:
Download App:
  • android
  • ios