Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ തുറക്കല്‍: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന്

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍, ആര്‍.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടുവെന്ന് യോഗം പ്രധാനമായും വിലയിരുത്തും.

meeting of child right commission on school opening
Author
Trivandrum, First Published Oct 30, 2021, 9:13 AM IST

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചനായോഗം ഇന്ന് (ഒക്ടോബര്‍ 30) ചേരും. സ്റ്റാച്യു വൈ.എം.സി.എ ഹാളില്‍ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്യും.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍, ആര്‍.ടി.ഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടുവെന്ന് യോഗം പ്രധാനമായും വിലയിരുത്തും. 20 മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ നേരിടാനിടയുള്ള മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ അക്കാദമിക പരിസരവുമായി ബന്ധപ്പെടുത്തി ശിശുസൗഹൃദമാക്കുക, കുട്ടികളുടെ സുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂള്‍തല സുരക്ഷാ സമിതികള്‍ക്ക് നേതൃത്വം നല്‍കുക, സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനസ്ഥാപിക്കുക എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍മാര്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്  പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്‌കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങള്‍ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം  തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ  കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തണം. 

Follow Us:
Download App:
  • android
  • ios