ദില്ലി: മധ്യവേനല്‍ അവധിക്കാലത്തും കുട്ടികൾക്ക് സ്‌കൂളുകളില്‍  ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്റിയാൽ. ഇതിനായി പദ്ധതിയുടെ കേന്ദ്രവിഹിതത്തില്‍ 10.99 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ അടിയന്തര സഹായമായി 2500 കോടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.1600 കോടി രൂപയുടെ അധികച്ചെലവാണ് മധ്യവേനല്‍ അവധിക്കാലത്തും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്നത്. 

കേന്ദ്രവിഹിതം 7300 കോടിയില്‍നിന്ന് 8100 കോടി രൂപയായി വര്‍ധിപ്പിക്കും. സമഗ്രശിക്ഷാ പദ്ധതിയില്‍ ഫണ്ട് ചെലവഴിക്കുന്നതിലെ മാനദണ്ഡങ്ങളില്‍ അയവുവരുത്തി. മുന്‍വര്‍ഷം ചെലവഴിക്കാത്ത തുക സംസ്ഥാനങ്ങള്‍ക്ക് ചെലവഴിക്കാം. 6200 കോടി രൂപയാണ് ഇങ്ങനെ ചെലവഴിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സമഗ്രശിക്ഷാ പദ്ധതിയില്‍ അടിയന്തരസഹായമായി ആദ്യപാദത്തില്‍ 4450 കോടി രൂപ അനുവദിച്ചു.  പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള തുക അതത് സര്‍ക്കാരുകള്‍ പദ്ധതി നടത്തിപ്പ് സമിതിക്ക് അടിയന്തരമായി കൈമാറണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആദ്യപാദത്തില്‍ അനുവദിച്ച തുക ഫലപ്രദമായി ചെലവഴിക്കുന്നതനുസരിച്ചായിരിക്കും അടുത്തപാദത്തില്‍ തുക അനുവദിക്കുക.  

അനുവദിച്ച കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഭൂമി കിട്ടാത്തതുകാരണം ആരംഭിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍തന്നെ ആവശ്യമായ ഭൂമി കൈമാറണമെന്ന് മന്ത്രി നിര്‍ദേശിച്ചു.  വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും ബുക്കുകളും മറ്റ് പഠനസാമഗ്രികളും ലഭ്യമാക്കാന്‍ മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് ബുക്ക് സ്റ്റാളുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 33 കോടി വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു.