Asianet News MalayalamAsianet News Malayalam

Mission Schools of Excellence: മിഷൻ സ്കൂൾ ഓഫ് എക്സലൻസ്; ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ മൂവായിരത്തിലധികം സ്കൂളുകൾ

സംസ്ഥാനത്തെ 2575 സർക്കാർ പ്രൈമറി സ്കൂളും, 506 സർക്കാർ സെക്കന്ററി സ്കൂളും ഇതിൽ ഉൾപ്പെടുന്നു. 33 ജില്ലകളിലെ 2073 ക്ലസ്റ്ററുകളിൽ നിന്നാണ് സ്കൂളുകളെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. 

mission schools of excellence project gujarath schools
Author
Gujarat, First Published Nov 25, 2021, 5:07 PM IST

ഗുജറാത്ത്: ലോകബാങ്ക് ധനസഹായത്തോടെ (World Bank) നടപ്പാക്കുന്ന മിഷൻ സ്കൂൾസ് ഓഫ് എക്സലൻസ് പദ്ധതിയുടെ (Mission Schools of Excellence Project) ആദ്യ ഘട്ടത്തിലേക്ക് ​ഗുജറാത്തിലെ 3081 സർക്കാർ സ്കൂളുകളെ (government schools)  തിരഞ്ഞെടുത്തു. സംസ്ഥാനത്തെ 2575 സർക്കാർ പ്രൈമറി സ്കൂളും, 506 സർക്കാർ സെക്കന്ററി സ്കൂളും ഇതിൽ ഉൾപ്പെടുന്നു. 33 ജില്ലകളിലെ 2073 ക്ലസ്റ്ററുകളിൽ നിന്നാണ് സ്കൂളുകളെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. നാല് ദിവസത്തെ സന്ദർശനത്തിനായി ലോകബാങ്ക് സംഘം ചൊവ്വാഴ്ച സംസ്ഥാനത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിമാരുമായും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും ആദ്യഘട്ട ചർച്ച നടത്തി. ആദ്യഘട്ടത്തിൽ 3,000, രണ്ടാം ഘട്ടത്തിൽ 7,000, മൂന്നാം ഘട്ടത്തിൽ 10,000 എന്നിങ്ങനെ മൊത്തം 20,000 സർക്കാർ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരിഷ്കരിച്ച്  മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പദ്ധതിയിലുൾപ്പെടുത്തി ആഗോള സൗകര്യങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. 

ലോകബാങ്ക് പ്രതിനിധി ശബ്‌നം സിൻഹയും സംഘവും ചൊവ്വാഴ്ച നടത്തിയ ശിൽപശാലയിൽ പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള ആസൂത്രണം സംബന്ധിച്ച് ആവശ്യമായ ചർച്ചകൾ നടത്തി. ഗുജറാത്തിലെ നാല് ദിവസത്തെ സന്ദർശനത്തിനിടെ ലോകബാങ്ക് സംഘം മെഹ്‌സാന, സബർകാന്ത ജില്ലകളിലെ സ്‌കൂളുകൾ സന്ദർശിക്കും. ഓരോ ക്ലസ്റ്ററിൽ നിന്നും ഒരു സ്കൂളിനെ പ്രതിനിധീകരിക്കുന്ന പദ്ധതിയിൽ, വിവിധ ജില്ലകളിലെ നിരവധി ക്ലസ്റ്ററുകൾക്ക് ഒന്നിൽ കൂടുതൽ സ്കൂളുകളുടെ പ്രാതിനിധ്യമുണ്ട്. ഇതിൽ, ബനസ്‌കന്ത ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തിരിക്കുന്നത് - 124 ക്ലസ്റ്ററുകളിൽ നിന്ന് 168 സ്‌കൂളുകൾ.

അംറേലി (70 ക്ലസ്റ്ററുകളിൽ നിന്ന് 132), രാജ്‌കോട്ട് (85 ക്ലസ്റ്ററുകളിൽ നിന്ന് 131 സ്‌കൂളുകൾ), മെഹ്‌സാന (72 ക്ലസ്റ്ററുകളിൽ നിന്ന് 123 സ്‌കൂളുകൾ) എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്‌കൂളുകൾ തിരഞ്ഞെടുത്ത മറ്റ് ജില്ലകൾ. ലോകബാങ്ക് (ഡബ്ല്യുബി), ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) എന്നിവയിൽ നിന്ന് 8,000 കോടി രൂപയിലധികം ധനസഹായം ഈ പദ്ധതിക്ക് ലഭിക്കുന്നു. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ചേരുന്ന 90 ശതമാനത്തിലധികം വിദ്യാർത്ഥികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് വർഷത്തിനുള്ളിൽ 25,000 പുതിയ ക്ലാസ് മുറികൾ സൃഷ്ടിക്കാനും പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ 1.5 ലക്ഷം സ്‌മാർട്ട് ക്ലാസ് മുറികൾ, 25,000 കമ്പ്യൂട്ടർ ലാബുകൾ, എന്നിവ സജ്ജീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

Follow Us:
Download App:
  • android
  • ios