ദില്ലി: പുതിയ വിദ്യാഭ്യാസനയം സർക്കാരിന്റേതല്ലെന്നും രാജ്യത്തിന്റേതാണെന്നും പ്രധാനമന്ത്രി. സര്‍ക്കാരിന്റെ ഇടപെടല്‍ വളരെക്കുറവാണെന്നും ഇത് രാജ്യത്തിന്റെ നയമാണിതെന്നും മോദി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. . ഉന്നതവിദ്യാഭ്യാസത്തെ പരിഷ്‌കരിക്കുന്നതില്‍ പുതിയ വിദ്യാഭ്യാസനയത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകാൻ ഒരു വർഷം സമയമെടുത്തു. കഴിഞ്ഞ വർഷമാണ് കരട് പുറത്തിറക്കിയത്. ഇതിൽ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ സമയം നൽകിയിരുന്നു. സർക്കാരിന് ലഭിച്ച രണ്ട് ലക്ഷത്തിലേറെ നിർദ്ദേശങ്ങൾ പരി​ഗണിച്ചാണ് നയത്തിന്റെ അന്തിമരൂപം തയ്യാറാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  

രാജ്യത്തിന്റെ പുരോഗതിയില്‍ വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസനയത്തിനും നിര്‍ണായക പങ്കാണുള്ളത്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയ്ക്ക് ആവശ്യമായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കൂടി പരിഗണിച്ചാണ് പുതിയനയം സ്വീകരിച്ചിട്ടുള്ളത്. പ്രായോഗിക പരിശീലനം വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നതതോടെ ആഗോള തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഇന്ത്യന്‍ യുവജനങ്ങള്‍ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു