അസാപ് കേരള, മഹീന്ദ്ര & മഹീന്ദ്ര, ഇറാം ടെക്നോളജീസ് എന്നിവർ സഹകരിച്ച് 'നാരിചക്ര' എന്ന പേരിൽ സ്ത്രീകൾക്കായി പുതിയ തൊഴിൽ പദ്ധതി ആരംഭിച്ചു. നൂറോളം സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണിത്.

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരള മഹീന്ദ്ര & മഹീന്ദ്രയും ഇറാം ടെക്നോളജീസുമായി സഹകരിച്ച്, 'നാരിചക്ര' പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്ത്രീകളുടെ പങ്കാളിത്തം പൊതുവിൽ കുറവുള്ള വാഹന വിപണന മേഖലയിൽ സ്ത്രീകൾക്ക് പരിശീലനം നൽകിയ ശേഷം മഹീന്ദ്ര & മഹീന്ദ്ര യുടെ വാഹന വിപണന ഔട്ട്‌ലെറ്റുകളിൽ കസ്റ്റമർ സർവീസ് അഡ്വൈസർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് എന്നീ ജോബ് റോളുകളിൽ ആണ് നിയമനം നൽകുക. കേരളത്തിൽ ഉടനീളം വിവിധ ഡീലർ ഔട്ട്‌ലെറ്റുകളിൽ ആയി നൂറോളം അവസരങ്ങൾ ആണ് ഉള്ളത്.

Add Asianetnews as a Preferred SourcegooglePreferred

ഓട്ടോമൊബൈൽ മേഖലയിൽ വൈദഗ്ധ്യം ഉള്ള തൊഴിൽ അവസരങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യം മുന്നിൽ കണ്ട് കൊണ്ട് ഈ രംഗത്തേക്ക് സ്ത്രീകൾക്കും തുല്ല്യ അവസരം ഉറപ്പാക്കുകയും അതുവഴി സ്ഥിര വരുമാനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. 18 നും 35 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളായ സ്ത്രീകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് ആയും, അതേ പ്രായപരിധിയിൽ തന്നെയുള്ള മെക്കാനിക്കൽ/ ഇലെക്ട്രിക്കൽ/ ഓട്ടോമൊബൈൽ മേഖലയിൽ ഡിപ്ലോമയുള്ളവർക്ക് സർവീസ് അഡ്വൈസർ ആയും ആണ് ജോലി നേടാൻ അവസരം. മഹീന്ദ്ര & മഹീന്ദ്ര യുടെ ഡീലർ ഔട്ട്ലെറ്റുകളിൽ ഓൺ-ദി-ജോബ് ട്രെയിനിംഗ് (OJT) ഉം നൽകുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 15,000 രൂപ മുതൽ ശമ്പളവും, ഇൻസെന്റീവുകളും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

അസാപ് കുന്നംകുളം സ്കിൽ പാർക്കിൽ വച്ച് ആണ് 2 മാസം നീണ്ടു നിൽക്കുന്ന പരിശീലനം. 6000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/nareechakra/ എന്ന ലിങ്ക് സന്ദർശിക്കുകയോ 9495999788, 9495999790 എന്നീ നമ്പറുകളിലേക് ബന്ധപ്പെടുകയോ ചെയുക.