ദില്ലി: 21 ദിവസം എങ്ങനെ തള്ളിനീക്കുമെന്നോർത്ത് ആശങ്കപ്പെടുന്നവർക്ക് വായനയുടെ സർ​ഗലോകം തുറന്നു തരുകയാണ് നാഷണൽ ബുക്ക് ട്രസ്റ്റ്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആളുകളുടെ വായനാശീലം വളര്‍ത്താന്‍ സൗജന്യമായി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് എന്‍.ബി.ടി ഒരുക്കിയിരിക്കുന്നത്.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗ്ല, ഗുജറാത്തി, ഒഡിയ, മറാത്തി, മിസോ, തമിഴ്, പഞ്ചാബി തുടങ്ങിയ വിവിധ ഭാഷകളിലെ 100-ലേറെ പുസ്തകങ്ങള്‍ ഇങ്ങനെ വായിക്കാം. 

ചെറുകഥകള്‍, നോവല്‍, ആത്മകഥ അങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ എന്‍.ബി.ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വായനക്കാര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇത്തരത്തില്‍ ലഭ്യമാകുന്ന പുസ്തകങ്ങളുടെ പി.ഡി.എഫുകള്‍ വായിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. മറ്റെതെങ്കിലും രീതിയില്‍ ഈ പുസ്തകങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ യുജി.സി ഓണ്‍ലൈനിലൂടെ പഠന സാമഗ്രികള്‍ പങ്കുവെച്ചിരുന്നു.