പോലീസ് സബ് ഡിവിഷനുകളിൽ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാർ യോഗത്തിൽ അറിയിച്ചു. 

ആലപ്പുഴ: നീറ്റ് യുജി 2026 പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയുടെ യോഗം ഓൺലൈനായി ചേർന്നു. മെയ് മൂന്നിന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് നിലവിൽ 23 പരീക്ഷാകേന്ദ്രങ്ങളാണ് എൻ.ടി.എ അനുവദിച്ചിട്ടുള്ളത്. പോലീസ് സബ് ഡിവിഷനുകളിൽ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാർ യോഗത്തിൽ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

​എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം മെയ് രണ്ട് മുതൽ മൂന്ന് വരെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ചോദ്യപേപ്പറുകൾ അടങ്ങിയ ട്രങ്കുകൾക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള ട്രങ്കുകൾക്കും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാർ ആവശ്യപ്പെടുന്ന പൊലീസ് സേവനം അനുവദിച്ചു നൽകാൻ തീരുമാനിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷയുടെ തലേദിവസം മുതൽ ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി.

​രാവിലെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിനും പരീക്ഷ കഴിഞ്ഞ് വൈകിട്ട് തിരികെ പോകുന്നതിനും ആവശ്യമായ പൊതുഗതാഗത സംവിധാനങ്ങൾ കെ.എസ്.ആർ.ടി.സി പ്രധാന ഡിപ്പോകളിൽ നിന്ന് ഉറപ്പുവരുത്തും. ​നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ എല്ലാ സെന്ററുകളിലും സ്വീകരിച്ചിട്ടുണ്ടെന്ന് കോർഡിനേറ്റർമാരും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാരും ഉറപ്പുവരുത്തണം. കൂടാതെ എല്ലാ സെന്ററുകളിലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കും.

​ജില്ലയിലുള്ള എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ​പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അധ്യക്ഷത വഹിച്ച എ.ഡി.എം ബി. ജ്യോതി നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാതല കമ്മിറ്റി അംഗങ്ങളെ കൂടാതെ ആലപ്പുഴ ജില്ലയിലെ 4 സബ് ഡിവിഷനുകളിലെ ഡി.വൈ.എസ്.പിമാർ, നിലവിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) നൽകിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള 23 പരീക്ഷാകേന്ദ്രങ്ങളുടെ ചുമതലയുള്ള സൂപ്രണ്ടുമാർ, എൻ.ടി.എയുടെ സിറ്റി കോർഡിനേറ്റർമാർ, ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധി എന്നിവർ പങ്കെടുത്തു.