അഞ്ചാം ക്ലാസ് തോറ്റതാണ് ജീവിതത്തിലെ ആദ്യ പരാജയം. പഠിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും അഞ്ചാം ക്ലാസിലെ തോൽവി പ്രചോദനമായി.

ദില്ലി: രണ്ട് പ്രാവശ്യം പ്രിലിമിനറി പരീക്ഷയും ഒരുതവണ മെയിൻ പരീക്ഷയും പരാജയപ്പെട്ടെങ്കിലും നാലാം ശ്രമത്തിൽ സിവിൽ സർവീസ് സ്വന്തമാക്കി 25കാരിയുടെ നിശ്ചയദാർഢ്യം. രാജസ്ഥാൻ സ്വദേശിയായ നേഹ ബ്യാദ്വാളാണ് 569 റാങ്കോടെ മിന്നും ജയം സ്വന്തമാക്കി നാട്ടിലും വീട്ടിലും താരമായത്. ആദ്യ രണ്ട് ശ്രമങ്ങളിലും നേഹ പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിൽ പ്രിലിമിനറി കടന്നെങ്കിലും മെയിൻ പരീക്ഷയിൽ പരാജയപ്പെട്ടു. നാലാമത്തെ ശ്രമത്തിൽ, അഖിലേന്ത്യാ റാങ്ക് 569 സ്വന്തമാക്കിയാണ് നേഹ മധുരപ്രതികാരം വീട്ടിയത്. 

ഗുജറാത്തിലാണ് നേഹയെ ഐഎഎസ് ഓഫിസറായി നിയമിച്ചത്. കഠിനാധ്വാനം, സമർപ്പണവും ചിട്ടയായ പഠനത്തിനും പുറമെ, മൂന്ന് വർഷം മൊബൈൽ ഫോണുമായി എല്ലാ ബന്ധവും വേർപ്പെടുത്തിയതും വിജയത്തിന് കാരണമായെന്ന് നേഹ പറയുന്നു.

രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും ഛത്തീസ്ഗഡിലെ റായ്പൂരിലാണ് നേഹ വളർന്നത്. അഞ്ചാം ക്ലാസ് തോറ്റതാണ് ജീവിതത്തിലെ ആദ്യ പരാജയം. പഠിക്കാനും വെല്ലുവിളികളെ അതിജീവിക്കാനും അഞ്ചാം ക്ലാസിലെ തോൽവി പ്രചോദനമായി. പിന്നീട് പിതാവിനൊപ്പം ഭോപ്പാലിലേക്ക് താമസം മാറി. താൻ ചേർന്ന സ്കൂളിൽ ഹിന്ദി സംസാരിച്ചതിന് പിഴ ചുമത്തിയെന്നും നേഹ പറയുന്നു.

സിവിൽ സർവീസുകാരന്റെയും മുതിർന്ന ആദായനികുതി ഉദ്യോഗസ്ഥയുടെയും മകളായ നേഹ, പിതാവിന്റെ പാത പിന്തുടർന്ന് യുപിഎസ്‌സി എഴുതാൻ തീരുമാനിച്ചു. മൂന്ന് തവണ പരാജയപ്പെട്ടതോടെ ഒരു ദിവസം 17-18 മണിക്കൂർ വരെ പഠിച്ചു. മൂന്ന് വർഷത്തേക്ക് ഫോൺ പൂർണമായും ഉപേക്ഷിച്ചു. 24 വയസ്സുള്ളപ്പോൾ അവൾ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും 960 മാർക്ക് നേടി ഒരു ഐഎഎസ് ഉദ്യോഗസ്ഥയാകുകയും ചെയ്തു. നേഹയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കുടുംബം മുഴുവൻ കൈകോർത്തു. അവസാന അഭിമുഖത്തിന് തയ്യാറെടുക്കാൻ സഹോദരൻ മുതൽ അമ്മായി വരെ എല്ലാവരും സഹായിച്ചുവെന്നും നേഹ പറയുന്നു.