ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാ​ഹചര്യത്തിൽ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങളുടെ മാർ​ഗരേഖ യുജിസ് പുറത്തിറക്കി. ഇപ്പോൾ നിലവിലുള്ള വിദ്യാർത്ഥികൾക്ക് ആ​ഗസ്റ്റ് 1 മുതലും പുതിയ വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 1 മുതലും അക്കാദമിക് സെഷൻ ആരംഭിക്കാനാണ് യുജിസിയുടെ നിർദ്ദേശം. ആ​ഗസ്റ്റ് മുതൽ പുതിയ അഡ്മിഷനുള്ള പ്രക്രിയകൾ ആരംഭിക്കും. കൊറോണ വൈറസ് ബാധയെതുടർന്ന് കോളേജുകളും സ്കൂളുകളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. 

ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷകൾ ജൂലൈയിൽ നടത്താമെന്ന് മാർ​ഗനിർദേശത്തിൽ പറയുന്നു. ഇടയിലുള്ള വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യുകയോ സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളില്‍ ജൂലായില്‍ പരീക്ഷ നടത്തുകയോ ആവാം. ആഴ്ചയില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരെ നടപ്പിൽ വരുത്താം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ താമസ, യാത്രാ വിവരങ്ങള്‍ സര്‍വകലാശാലകള്‍ രേഖപ്പെടുത്തണം. എം.ഫില്‍., പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് ആറ് മാസത്തേക്ക് കോഴ്‌സ് കാലാവധി നീട്ടി നല്‍കാം. വാചികപരീക്ഷ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നും യുജിസി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതത് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വകലാശാലകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റംവരുത്താമെന്നും യുജിസി വ്യക്തമാക്കി.