ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക സ്ഥാപനങ്ങള്‍ക്കും പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുമെന്ന് മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ഐ.ഐ.ടികള്‍ക്കു പിന്നാലെയാണ് ഈ പുതിയ തീരുമാനം. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ എന്‍.ഐ.ടി ഉള്‍പ്പടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന മാനദണ്ഡത്തില്‍ ഇളവു വരും.

കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലും എന്‍.ഐ.ടികളിലും പ്രവേശനം നേടുന്നതിന് ജെ.ഇ.ഇ മെയിന്‍ യോഗ്യത കൂടാതെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ കുറഞ്ഞത് 75% മാര്‍ക്ക് നേടണം. അല്ലെങ്കിൽ അല്ലെങ്കില്‍ യോഗ്യതാ പരീക്ഷകളില്‍ ആദ്യ 20 പെര്‍സെന്റൈലില്‍ ഉൾപ്പെടുകയും ചെയ്യണം. എന്നാല്‍ ഇത്തവണ ജെ.ഇ.ഇ മെയിന്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് പരീക്ഷ പാസായാല്‍ മതിയെന്ന് സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

നിലവിലുള്ള സാഹചര്യം പരി​​ഗണിച്ച് എൻഐടികളിലും മറ്റ് സിഎഫ്റ്റിഐ കളിലും പ്രവേശനത്തിനുള്ള യോ​ഗ്യതാ മാനദണ്ഡ‍ങ്ങളിൽ ഇളവ് വരുത്താൻ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് തീരുമാനിച്ചു. മന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.  കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് നേരത്തെ രണ്ടുതവണ മാറ്റിവെച്ച ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒടുവില്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27-നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ബോര്‍ഡുകള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും ഇത്തവണ പരീക്ഷകള്‍ ഭാഗികമായി റദ്ദാക്കിയിരുന്നു.