കണ്ണൂർ: മൊബൈൽ ടവറില്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ മുന്നൂറിലധികം കുട്ടികൾ. കണ്ണൂർ‌ ജില്ലയിലെ ഇരിട്ടി തുടിമരത്തിലെ കുട്ടികൾ പഠിക്കാനായി കാടും മലയും താണ്ടുകയാണ്. ടിവിയും സ്മാർട്ട്ഫോണുമില്ലാത്ത നിരവധി കുട്ടികളും ഇപ്പോഴും മലയോര മേഖലയിലുണ്ട്. കാടിനുള്ളിലെത്തിയാണ് ഇവിടുത്തെ കുട്ടികൾ മൊബൈലിൽ റേഞ്ച് പിടിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ ഡി​ഗ്രിക്ക് പഠിക്കുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ. 

'മഴ പെയ്താലും കുട ചൂടിയിരുന്ന് പഠിക്കും. അട്ടയൊക്കെ കടിക്കും ചിലപ്പോൾ. ഓടാനൊക്കെ നോക്കും. പക്ഷേ പഠിക്കണ്ടേ?' വിദ്യാർത്ഥിനിയായ അനാമികയുടെ വാക്കുകൾ. ഒരു  ദിവസം പോലും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാത്ത കുട്ടികള്‍ വരെയുണ്ട് ഇവിടെ.   ക്ലാസ്സുകൾ ഓൺലൈനിലേക്ക് മാറിയതിന് ശേഷം ഇവിടെയുള്ള മുന്നൂറോളം കുട്ടികൾക്ക് പഠിക്കാൻ സാധിച്ചിട്ടില്ല. ജനപ്രതിനിധികളോട് പരാതിപ്പെട്ട് കാത്തിരിക്കുകയാണ് ഒരു ടവർ ലഭിക്കുന്നതിനായി.